SHARE

ആറാം എഡിഷൻ ഇന്ത്യൻ സൂപ്പർ ലീഗിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും ജയിക്കാനാവാതെ കേരളാ ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയമായിരുന്നെങ്കിൽ ഇത്തവണ അത് സമനിലയാക്കിയതിൽ മാത്രം അവർക്ക് അഭിമാനിക്കാം‌. ഒഡീഷ എഫ് സിക്കെതിരായ വിരസമായ മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് 0-0 ഒഡീഷ എഫ്.സി. മൂന്ന് താരങ്ങൾ പരിക്കിനെത്തുടർന്ന് പുറത്ത് പോയ മത്സരത്തിൽ വളരെ കുറച്ച് മികച്ച നീക്കങ്ങൾ മാത്രമാണുണ്ടായിരുന്നത്. കളിയുടെ അവസാന 10 മിനുറ്റിലായിരുന്നു നല്ല കുറച്ച് നീക്കങ്ങൾ നടത്തി ബ്ലാസ്റ്റേഴ്സ്, ആരാധകരെ കുറച്ചെങ്കിലും ആവേശത്തിലാഴ്ത്തിയത്.

ആദ്യ പകുതി

ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നൽകിക്കൊണ്ടായിരുന്നു മത്സരം തുടങ്ങിയത്. രണ്ടാം മിനുറ്റിൽ നായകൻ ജൈറോ റൊഡ്രീഗസിന് പരിക്ക്. അഞ്ചാം മിനുറ്റിൽ ആദ്യ സബ്സ്റ്റിറ്റ്യൂഷന് പരിശീലകൻ എൽകോ ഷട്ടോറി നിർബന്ധിതനായി. ജൈറോ പുറത്തേക്ക് പോയപ്പോൾ പകരമെത്തിയത് മലയാളി‌ താരം ഹക്കു.

ഇരു ടീമുകളുടേയും ഭാഗത്ത് നിന്ന് ഒരു മികച്ച മുന്നേറ്റം പോലുമില്ലാതെ യായിരുന്നു ആദ്യ ഇരുപത് മിനുറ്റ് പൂർത്തിയായത് ഇരുപത്തിമൂന്നാം മിനുറ്റിൽ ഗ്യാലറി മുഴുവൻ നിശ്ബദമായി. ഒഡീഷയ്ക്ക് ലഭിച്ച കോർണറിൽ നിന്നുള്ള അപകടം ഒഴിവാക്കാൻ ശ്രമിക്കേവേ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ താരം റാഫേൽ മെസിക്കും ഇതേ സംഭവത്തിൽ ഒഡീഷയുടെ ഫ്രാൻസിസ്കോ ഫെർണാണ്ടസിനും പരിക്ക്. അഞ്ച് മിനുറ്റോളം കളി നിർത്തി വെച്ചു. വീണ്ടും നിർബന്ധിത മാറ്റത്തിന് ബ്ലാസ്റ്റേഴ്സ് തയ്യാറായി, ഒപ്പം ഒഡീഷയും. ഫെർണാണ്ടസിന് പകരം കാർലോസ് റൊഡ്രീഗസ് ഒഡീഷയ്ക്ക് വേണ്ടിയിറങ്ങിയപ്പോൾ, മെസിക്ക് പകരം മലയാളി താരം മൊഹമ്മദ് റാഫി കളത്തിലെത്തി.

മുപ്പത്തിയഞ്ചാം മിനുറ്റിൽ മത്സരത്തിലെ ഏറ്റവും മികച്ച മുന്നേറ്റം. എതിർ താരങ്ങളെ മനോഹരമായി വെട്ടിയൊഴിഞ്ഞ് പന്തുമായി സഹൽ മുന്നേറിയെങ്കിലും ബോക്സിനുള്ളിൽ ഒഡീഷ താരങ്ങൾ പന്ത് തട്ടിയെടുത്തു. നാൽപ്പത്തിനാലാം മിനുറ്റിൽ വീണ്ടും ബ്ലാസ്റ്റേഴ്സ് എതിരാളികളെ വിറപ്പിച്ചു. പകരക്കാരനായിറങ്ങിയ മലയാളി താരം മൊഹമ്മദ് റാഫി നൽകിയ എണ്ണം പറഞ്ഞൊരു ക്രോസിൽ നിന്ന് ഗോൾ നേടാനുള്ള രാഹുലിന്റെ ശ്രമം പക്ഷേ പാളി.‌ പന്ത് പുറത്തേക്ക്.

രണ്ടാം പകുതി

ഒരു മാറ്റവുമായാണ് ഒഡീഷ എഫ് സി രണ്ടാം പകുതിക്ക് ഇറങ്ങിയത്. മാർക്കോസ് ടെബറിന് പകരം അർജന്റീനിയൻ താരം മാർട്ടിൻ പെരസ് കളത്തിലെത്തി. ആദ്യ പകുതിയുടെ തുടക്കത്തിന് സമാനമായിരുന്നു രണ്ടാം പകുതിയും. രണ്ടാം പകുതിയുടെ ആദ്യ പത്ത് മിനുറ്റുകളിലും മികച്ചൊരു നീക്കം പോലും ഇരു ടീമുകളും നടത്തിയില്ല. അൻപത്തിയെട്ടാം മിനുറ്റിൽ ഒഡീഷയുടെ മികച്ച മുന്നേറ്റം.ജെറിയിൽ നിന്നുള്ള മനോഹരമായ ക്രോസ് ബോക്സിനുള്ളിൽ മനോഹരമായി സ്വീകരിച്ച നന്ദകുമാർ തൊടുത്ത വോളി പക്ഷേ പുറത്തേക്ക് പോയി.

അറുപത്തിമൂന്നാം മിനുറ്റിൽ ബ്ലാസ്റ്റേഴ്സിനായി പ്രശാന്തിന്റെ മുന്നേറ്റം. ഇടത് വിംഗിലൂടെ നടത്തിയ നീക്കത്തിനൊടുവിൽ താരം തൊടുത്ത ഇടം കാലൻ ഷോട്ട് പക്ഷേ ഗോൾ വലയ്ക്ക് മുകളിലൂടെ പറന്നു.അറുപത്തിയേഴാം മിനുറ്റിൽ പ്രശാന്ത് നൽകിയ ക്രോസ് ഒഡീഷയുടെ നാരായൺ ദാസിന്റെ കൈമുട്ടിൽ കൊണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ ഹാൻഡ്ബോൾ അപ്പീൽ റഫറി അനുവദിച്ചില്ല‌. എഴുപത്തിമൂന്നാം മിനുറ്റിൽ ഒഡീഷയുടെ മികച്ച മുന്നേറ്റമെത്തി, എന്നാൽ രാജു ഗെയിക്ക്വാദ് അപകടം ഒഴിവാക്കി കേരളത്തെ രക്ഷിച്ചു.

എഴുപത്തിയെട്ടാം മിനുറ്റിൽ ആരാധകർ കാത്തിരുന്ന മാറ്റം ബ്ലാസ്റ്റേഴ്സ് പരിശീലകൻ കളത്തിൽ കൊണ്ട് വന്നു. ഒഗ്ബെച്ചി പകരക്കാരനായി കളത്തിലേക്ക്. പകരം ടീം പിൻവലിച്ചത് മൊഹമ്മദ് റാഫിയെ. എൺപത്തിയാറാം മിനുറ്റിൽ ഗോളെന്നുറപ്പിച്ച കെ പി രാഹുലിന്റെ തകർപ്പൻ ഷോട്ട് ഒഡീഷ ഗോൾകീപ്പർ രക്ഷപെടുത്തി. ബ്ലാസ്റ്റേഴ്സ് ആരാധകർ തലയിൽ കൈവെച്ചു. മത്സരത്തിന്റെ അവസാന മിനുറ്റുകളിൽ ബ്ലാസ്റ്റേഴ്സ് മികച്ച ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അവയൊന്നും പക്ഷേ ഗോളിലേക്കെത്തിയില്ല.