SHARE

കേരളാ ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ പ്രീ സീസൺ മത്സരങ്ങൾ കണ്ടുകഴിഞ്ഞ ആരാധകർ ഒന്നടങ്കം സമ്മതിക്കുന്ന കാര്യമായിരികും ഇക്കുറി വിദേശതാരങ്ങൾ പൊളിയാണെന്നത്. മുഴുവൻ സ്ക്വാഡും കൊച്ചിയിലെത്തിയശേഷം ന‍ടന്ന അവസാന രണ്ട് മത്സരങ്ങളുടേയും ​ഗതി മാറ്റിയത് ആ വിദേശതാരങ്ങൾ തന്നെയാണ്.

കൊച്ചയിലെ ആദ്യ പ്രീ സീസൺ മത്സരങ്ങളിലും പിന്നീട് ഡ്യൂറാൻഡ് കപ്പിലും അഡ്രിയാൻ ലൂണ, എനെസ് സിപോവിച്ച് എന്നീ വിദേശതാരങ്ങളാണ് കളിച്ചത്. ഒരു മത്സരത്തിൽ വളരെക്കുറിച്ച് സമയം മാത്രമാണ് ചെൻചോ ജ്യെൽഷൻ കളിച്ചത്. ഇതോടെ ആദ്യ മത്സരങ്ങളിൽ ബാക്കിയെല്ലാം നന്നായിരുന്നെങ്കിലും ഫിനിഷിങ്ങിൽ ബ്ലാസ്റ്റേഴ്സ് പിന്നാക്കം പോയി. എന്നാൽ ജോർജ് പെരേയ്ര ഡയസ്, അൽവാരോ വാസ്ക്വസ് എന്നിവർ എത്തിയതോടെ ആ പ്രശനവും പരിഹരിക്കപ്പെട്ടു.

ഏറ്റവും വൈകി ബ്ലാസ്റ്റേഴ്സിലെത്തിയ വിദേശതാരമാണ് വാസ്ക്വസ്. എന്നാൽ കഴിഞ്ഞ രണ്ട് പ്രീ സീസൺ മത്സരങ്ങളിലും രണ്ടാ പകുതിയിൽ ഇറങ്ങിയ വാസ്ക്വസ് ഓരോ ​ഗോൾ വീതം നേടി. ഏറെ കൊട്ടിഘോഷിച്ച് ട്രാൻസ്ഫറായിരുന്നു വാസ്ക്വസിന്റേത്. ആ പ്രതീക്ഷകളോട് നീതിപുലർത്തുന്ന പ്രകടനമാണ് വാസ്ക്വസ് പ്രീ സീസൺ മത്സരങ്ങളിൽ പുറത്തെടുത്തത്. വാസ്ക്വസിലെ ​ഗോൾദാഹിയായ സെന്റർഫോർവേഡിനെ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ആരാധകർ കണ്ടു.

സെക്കൻഡ് സ്ട്രൈക്കർ റോളിലേക്ക് ബ്ലാസ്റ്റേഴ്സ് എത്തിച്ച താരമാണ് ഡയസ്. ഇന്നലത്തെ മത്സരത്തിൽ ഉജ്ജ്വല ഹെഡറിലൂടെ ഡയസ് ഒരു ​ഗോൾ നേടി. ഇന്ത്യൻ നേവിക്കെതിരെ കഴിഞ്ഞയാഴ്ച നടന്ന മത്സരത്തിൽ ​ഗോൾ നേടാൻ ഡയസിനായില്ല. എന്നാൽ ചെൻചോ നേടിയ ആദ്യ ​ഗോളിനടക്കം വഴിതെളിച്ചത് ഡയസിന്റെ നേതൃത്വത്തിൽ നടന്ന മികച്ച പ്രസിങ്ങാണ്. ബോക്സിന്റെ ചുറ്റവട്ടത്ത് നിന്ന് പിന്നിലേക്കിറങ്ങി വന്ന് കളിക്കാൻ മടിയില്ലാത്ത താരമാണ് ഡയസ്.

ഏഷ്യൻ പ്രതിനിധിയായി ഭൂട്ടാനീസ് താരം ചെൻചോയെ ബ്ലാസ്റ്റേഴ്സ് ഒപ്പം കൂട്ടിയപ്പോൾ പലരും നെറ്റി ചുളിച്ചിരുന്നു. അപ്രധാന സൈനിങ്ങായാണ് ചെൻചോയെ വിലയിരുത്തിയത്. എന്നാൽ ഇക്കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഏറ്റവും ശ്രദ്ധേയപ്രകടനം നടത്തിയ വിദേശിയാണ് ചെൻചോ. ഇന്ത്യൻ നേവിക്കെതിരെ തകർപ്പൻ ​ഗോൾ നേടിയ ചെൻചോ ഇന്നലെ മാർ അത്താനേഷ്യസ് അക്കാദമിക്കെതിരെ വാസ്ക്വസിന്റെ ​ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

അഡ്രിയാൻ ലൂണയ്ക്ക് ഏതെങ്കിലുമൊരു സ്ഥിരം പൊസിഷനുണ്ടെങ്കിൽ അത് കടലാസിൽ മാത്രമായിരിക്കും. കളിക്കളത്തിൽ ലൂണ എവിടെയൊക്കെയുണ്ടാകുമെന്ന് ആർക്കും പറയാനാകില്ല. ഒരു ഫ്രീ റോളാണ് ലൂണയ്ക്ക് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് നൽകിയിരിക്കുന്നത്. വിങ്ങറായും സെക്കൻഡ് സ്ട്രൈക്കറായും സെൻട്രൽ മിഡ്ഫിൽഡറായുമൊക്കെ ലൂണയെ കളിക്കളത്തിൽ കാണാം. ലൂണയുടെ വൺ ടച്ച് പാസുകളും സ്കില്ലുകളുമൊക്കെ ആരാധകർക്ക് ആസ്വദിക്കാൻ വകനൽകുന്നതാണ്. ഇന്നലത്തെ മത്സരത്തിൽ ഡയസിന്റെ ​ഗോളിലേക്ക് വഴിവച്ച കറുകൃത്യമായ കോർണർ കിക്ക് ലൂണയുടെ വകയായിരുന്നു. വരുന്ന സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ കളി നിയന്ത്രിക്കുന്നത് താനായിരിക്കുമെന്ന് ഉറപ്പിക്കാവുന്ന പ്രകടനമാണ് ഈ യുറു​ഗ്വെ താരം പുറത്തെടുത്തത്.

സീസണിൽ ബ്ലാസ്റ്റേഴ്സ് ഏറ്റവുമവസാനം പ്രഖ്യാപിച്ച സൈനിങ്ങാണ് ക്രൊയേഷ്യൻ സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്ചിന്റേത്. എന്നാൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ​ഗ്രൗണ്ടിലിറങ്ങിയ ഓരോ പകുതികളിലായി ഉജ്ജ്വല പ്രകടനം ലെസ്കോവിച്ച് പുറത്തെടുത്തു. ഉയരത്തിന്റെ ആനുകൂല്യത്തിൽ ഏരിയൽ ബോളുകൾ ക്ലിയർ ചെയ്തകറ്റാൻ മികവുള്ള താരമാണ് ലെസ്കോവിച്ച്. സെറ്റ്പീസുകളിൽ തലനീട്ടി ബ്ലാസ്റ്റേഴ്സിന് വേണ്ടി ആക്രണമത്തിലും സംഭാവന ചെയ്യാൻ ഈ താരത്തിനാകും. ഇന്നലെ ഇത്തരത്തിൽ ഒരു ​ഗോളും ലെസ്കോവിച്ച് നേടി. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ചോയിസ് സെന്റർ ബാക്ക് ലെസ്കോവിച്ചാകും എന്നത് ഏതാണ്ടുറപ്പിച്ചുകഴിഞ്ഞു.

ആദ്യ ഘട്ട പ്രീ സീസൺ, ഡ്യൂറാൻഡ് കപ്പ് മത്സരങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു സിപോവിച്ച്. എന്നാൽ രണ്ടാം ഘട്ടത്തിൽ നേവിക്കെതിരെ ഒരു പകുതി മാത്രമാണ് സിപോവിച്ച് കളിച്ചത്. ഇന്നലത്തെ മത്സരത്തിൽ താരം സ്ക്വാഡിലുണ്ടായിരുന്നില്ല. പന്ത് കൈകാര്യം ചെയ്യുന്നതിൽ അൽപ്പം പുറകിലായ സിപോവിച്ച് എന്നാൽ പ്രതിരോധത്തിൽ കരുത്തുറ്റ സാന്നിധ്യമാണ്. ഉയരത്തിന്റെ ആനുകൂല്യവും ഈ ബോസ്നിയൻ സെന്റർ ബാക്കിനുണ്ട്.