SHARE

മികച്ച ഫോമിലേക്ക് മടങ്ങിവരവെ അൽബിനോ ​ഗോമസിന് പരുക്കേറ്റത് കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ​അൽബിനോയ്ക്ക് പരുക്കേറ്റു എന്നതിലുപരി പകരക്കാരാനായി ഇറക്കാൻ പരിചയസമ്പന്നനായ ഒരു ​ഗോളി ഇല്ല എന്നതായരുന്നു ആരാധകരുടെ നെഞ്ചിടിപ്പേറ്റിയത്. എന്നാൽ ഇത്തരം സമ്മർദഘട്ടങ്ങളിലാണ് യഥാർഥ ഹീറോ ജനിക്കുക എന്ന പ്രയോ​ഗം യാഥാർഥ്യമാക്കുകയായിരുന്നു പ്രഭ്സുഖാൻ സിങ് ​ഗിൽ എന്ന ലുധിയാനക്കാരൻ.

അണ്ടർ 17 ലോകകപ്പിലെ ഇന്ത്യയുടെ റിസവർവ് ​ഗോളിയായിരുന്നു ​ഗിൽ. അതിനൊപ്പം ഐ-ലീ​ഗിൽ ഇന്ത്യൻ ആരോസ് നിരയിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു. ​ബ്ലാസ്റ്റേഴ്സിലേക്കെത്തുമ്പോൾ ​ഗില്ലിന്റെ പ്രൊഫൈൽ ഇത് മാത്രമായിരുന്നു. അൽബിനോയ്ക്ക് പിന്നിൽ ഒരു ബാക്ക് അപ് ​ഗോളി അത്രയുമേ പലരും കരുതിയിട്ടുള്ളു.

ഐഎസ്എൽ എട്ടാം സീസണിൽ ഒഡിഷയ്ക്കെതിരെ ബ്ലാസ്റ്റേഴ്സ് വിജയിച്ച മത്സരത്തിനിടെയാണ് അൽബിനോയ്ക്ക് പരുക്കേറ്റത്. ഇതോടെയാണ് രണ്ടാമനായ ​ഗില്ലിന് നറുക്ക് വീണത്. ഈസ്റ്റ് ബം​ഗാളിനെതിരായ തൊട്ടടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി ആദ്യമായി സ്റ്റാർട്ട് ചെയ്തു ​ഗിൽ. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയെങ്കിലും ​ഗില്ലിന്റെ പ്രകടനം ശ്രദ്ധേയമായി. ഇതിനുശേഷം മുംബൈ സിറ്റി, ചെന്നൈയിൻ എഫ്സി എന്നിവർക്കെതിരായ മത്സരത്തിൽ ക്ലീൻ ഷീറ്റോടെ ബ്ലാസ്റ്റേഴ്സ് വിജയം നേടിയതോടെ ​ഗിൽ വിശ്വസ്തനായ കാവൽക്കാരനായി മാറി.

ഏഴ് സ്റ്റാർട്ട് അടക്കം എട്ട് തവണയാണ് ഇക്കുറി ​ഗിൽ ബ്ലാസ്റ്റേഴ്സ് ​ഗോൾവല കാത്തത്. ഇതിൽ നിന്ന് ആകെ വഴങ്ങിയത് അഞ്ച് ​ഗോൾ മാത്രം. നാല് ക്ലീൻ ഷീറ്റ് സ്വന്തമാക്കിയ ​ഗിൽ ​ഗോൾഡൻ ​ഗ്ലൗവിനായുള്ള മത്സരത്തിൽ നിലവിൽ ഒന്നാമതാണ്. 22 സേവുകൾ നടത്തിയ ​ഗിൽ അക്കാര്യത്തിൽ നാലാം സ്ഥാനത്തുണ്ട്. നേരിട്ട ഷോട്ടുകളിൽ 81 ശതമാനവും സേവ് ചെയ്യാൻ​ ​ഗില്ലിന് സാധിച്ചു.

മാർക്കോ ലെസ്കോവിച്ചിന്റെ നേതൃത്വത്തിലുള്ള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയുടെ ഉജ്ജ്വല പ്രകടനം ​ഗില്ലിന്റെ ഈ മികവിനെ സഹായിച്ചു എന്നത് വാസ്തവമാണ്. എങ്കിലും ​പലപ്പോഴും ​ഗിൽ തന്റെ പ്രധാന്യം തെളിയിക്കുന്ന അവസരങ്ങളുമുണ്ടായി. ഇന്നലെ ഒഡിഷയ്ക്കെതിരായ മത്സരത്തിൽ ജാവി ഹെർണാണ്ടസ്, ജൊനാഥസ് ഡി ജെസ്യൂസ് എന്നീ വിദേശകളുടെ ​ഗോളെന്നുറപ്പിച്ച രണ്ട് മികച്ച ഷോട്ടുകൾ ഉജ്ജ്വലമായാണ് ​ഗിൽ‍ രക്ഷപ്പെടുത്തിയത്.

കാര്യമായ കളിപരിചയമില്ലെങ്കിലും പക്വതയാർന്ന പ്രകടനമാണ് ​ഗിൽ ​ഗോൾവലയ്ക്ക് മുന്നിൽ നടത്തുന്നത്. തിടുക്കം പിടിച്ച പാസുകളോ, അനാവശ്യ നീക്കങ്ങളോ ​ഗില്ലിൽ നിന്ന് ഉണ്ടാകാറില്ല. എതിർടീമിന്റെ സ്ട്രൈക്കർ എത്ര മികച്ച താരമാണെങ്കിലും അതിനെ ​ഗിൽ ഭയക്കുന്നില്ല. ഹൈദരബാദിനെതിരായ മത്സരത്തിൽ ഒരു പന്ത് ടച്ച് ലൈന് പുറത്തേക്ക് പോകുന്നതുവരെ ബാർത്തലോമിയോ ഓ​ഗ്ബെച്ചെയെ തടഞ്ഞുനിർത്തിയ ​ഗില്ലിന്റെ മനസാന്നിധ്യവും ശാന്തതയും ശ്രദ്ധേയമായിരുന്നു. ഒടുവിൽ നിരാശനായ ഓ​ഗ്ബെച്ചെ ​ഗില്ലിനെ ഫൗൾ ചെയ്ത് മഞ്ഞക്കാർഡ് കാണുകയും ചെയ്തു.

21 വയസ് മാത്രമാണ് ​ഗില്ലിന്റെ പ്രായം. ഭാവിയിലേക്ക് ഒരു കരുത്തുറ്റ ടീമിനെ വാർത്തെടുക്കാനുള്ള ബ്ലാസ്റ്റേഴ്സ് പദ്ധതിയിൽ ​പ്രധാനിയാകുമെന്ന ഉറപ്പിക്കുന്ന പ്രകടനമാണ് ​ഗിൽ പുറത്തെടുക്കുന്നത്. ഈ മികവ് ​ഗില്ലിന് തുടരാനായാൽ അടുത്ത കുറച്ച് വർഷത്തേക്ക് ബ്ലാസ്റ്റേഴ്സിന് മറ്റൊരു ​ഗോളിയെക്കുറിച്ച് ആലോചിക്കേണ്ടിവരില്ല. ജീക്സൻ സിങ്, കെപി രാഹുൽ, സഞ്ജീവ് സ്റ്റാലിൻ തുടങ്ങിയ അണ്ടർ 17 ലോകകപ്പ് താരങ്ങളും വിൻസി ബാരെറ്റോ, പ്യൂയ്റ്റിയ, റൂയിവ് ഹോർമിപാം, ​ഗിവ്സൻ സിങ്, ആയുഷ് അധികാരി തുടങ്ങിയ യുവതാരങ്ങളും ​ഗില്ലിനൊപ്പം ചേരുമ്പോൾ ഭാവിയിൽ ബ്ലാസ്റ്റേഴ്സിന്റേത് ഒരു ഡ്രീം ഇന്ത്യൻ ടീമായി മാറിയേക്കും.