കേരള ക്രിക്കറ്റിലെ യുവപ്രതിഭകള്‍ക്ക് ഇത്തവണ കേരള ക്രിക്കറ്റ് അസോസിയേഷന് അവാര്‍ഡുകള്‍. യുവതാരം സല്മാന് നിസാര്‍ കേരള ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരത്തിന് അര്‍ഹനായി. ബേസില്‍ തമ്പിയാണ് മികച്ച ഫാസ്റ്റ് ബൗളര്‍. യുവതാരം സിജോമോന്‍ ജോസഫിനെ മികച്ച സ്പിന്നറായി തെരഞ്ഞെടുത്തു. രോഹന് എസ്. കുന്നുമലാണ് മികച്ച ബാറ്റ്സ്മാന്. കുമരകത്ത് നടന്ന കെസിഎ ജനറല്‍ ബോഡി യോഗത്തിന് ശേഷമാണ് പ്രഖ്യാപനമുണ്ടായത്.
ഐപിഎല്ലില്‍ അടക്കം മികച്ച പ്രകടനം നടത്തിയതാണ് ബേസില്‍ തമ്പിക്ക് മികച്ച പേസര്‍ക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തത്. ഈ വര്‍ഷം ആദ്യം ഇന്ത്യന്‍ ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യ എ ടീമിനു വേണ്ടി ദക്ഷിണാഫ്രിക്കയില്‍ മികച്ച പ്രകടനം നടത്താനും സാധിച്ചു. വിവിധ പ്രായത്തിലുള്ള കേരള ടീമുകളിലൂടെ പടിപടിയായി ഉയര്‍ന്നു വന്ന താരമാണ് സല്മാന് നിസാര്‍. ബുച്ചിബാബു ട്രോഫിയിലടക്കം കേരളത്തിനായി മികച്ച പ്രകടനം നടത്തി.
കോട്ടയം സ്വദേശിയായ സിജോമോന്‍ ജോസഫ് മികച്ച സ്പിന്നറെന്ന വിശേഷണത്തിന് അര്‍ഹനായ താരമാണ്. ഇന്ത്യയ്ക്കുവേണ്ടി അണ്ടര്‍ 19 തലത്തില്‍ കളിച്ചിട്ടുണ്ട്. അരങ്ങേറ്റ രഞ്ജി ട്രോഫി മത്സരത്തില്‍ തന്നെ അഞ്ചുവിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നു. രോഹന് എസ് കുന്നുമല് പ്രതിഭാധനനായ ബാറ്റ്സ്മാനായിട്ടാണ് അറിയപ്പെടുന്നത്.