SHARE

കഴിഞ്ഞ കുറച്ച് നാളുകളായി പരിക്കുകൾ വിടാതെ പിന്തുടരുന്ന താരമാണ് ഇന്ത്യയുടെ കേദാർ ജാദവ്. പരിക്ക് മൂലം ആദ്യ മത്സരമൊഴിച്ച് ഈ വർഷത്തെ ഐപിഎല്ലിലെ മുഴുവൻ മത്സരങ്ങളും നഷ്ടമായ കേദാറിനെ ഇന്നലെ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാകപ്പിന്റെ ഫൈനൽ മത്സരത്തിനിടയിലും പരിക്ക്‌പിടികൂടിയിരുന്നു

മത്സരത്തിൽ ആറാമനായി ബാറ്റ് ചെയ്യാനെത്തിയ കേദാറിന് ധോണിക്കൊപ്പം ബാറ്റിംഗ് തുടരുന്നതിനിടെയാണ് പരിക്കേറ്റത്. ഇതേത്തുടർന്ന് മത്സരത്തിനിടയിൽ റിട്ടയേഡ് ഹർട്ട് ചെയ്ത് മടങ്ങേണ്ടി‌ വന്ന താരം, പിന്നീട് ഇന്ത്യ പതറുകയായിരുന്ന സമയം ക്രീസിലെത്തുകയും വേദന കടിച്ചമർത്തിക്കൊണ്ട് ഏഷ്യാകപ്പിലെ ടീമിന്റെ വിജയ റൺ നേടുകയുമായിരുന്നു. ക്രീസിലേക്ക് മടങ്ങിയെത്തിയ സമയം ഏറെ പ്രയാസപ്പെട്ടായിരുന്നു കേദാർ ബാറ്റ് ചെയ്തത്. റണ്ണുകൾ ഓടിയെടുക്കാനും അദ്ദേഹം നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു..

ഏഷ്യാകപ്പ് വിജയത്തിനിടയിലും ഇന്ത്യൻ ടീമിന് വലിയ തിരിച്ചടിയാണ് കേദാർ ജാദവിന്റെ പരിക്ക് വിവരം സമ്മാനിക്കുന്നത്. നേരത്തെ ഐപിഎല്ലിലും സമാന പരിക്കിനെത്തുടർന്ന് ജാദവ് ചെന്നൈ ടീമിൽനിന്ന് പുറത്തായിരുന്നു. താരത്തിന്റെ പരിക്ക് വിവരങ്ങളുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇത് വരെ ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, രണ്ടാഴ്ചയോളം സമയം താരത്തിന് വിശ്രമം വേണ്ടി വരുമെന്നാണ്‌സൂചന.