SHARE

കഴിഞ്ഞ കുറച്ച് നാളുകളായി മോശം ഫോമിലായിരുന്ന ഇന്ത്യൻ സൂപ്പർ താരം കേദാർ ജാദവ് ഫോമിലേക്ക് തിരിച്ചെത്തി. നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ മഹാരാഷ്ട്രയ്ക്ക് വേണ്ടി കളിക്കുന്ന കേദാർ ജാദവ്, ഇന്നലെ ഛത്തീസ്ഗഢിനെതിരെ നടന്ന മത്സരത്തിലാണ് വെടിക്കെട്ട് അർധ സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയത്. ജാദവ് ഉജ്ജ്വല ബാറ്റിംഗ് പുറത്തെടുത്തപ്പോൾ മഹാരാഷ്ട്ര കളിയിൽ 8 വിക്കറ്റിന്റെ ആവേശ ജയം സ്വന്തമാക്കുകയും ചെയ്തു.

ഇന്നലെ വഡോദരയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഢ് നിശ്ചിത 20 ഓവറുകളിൽ 192/5 എന്ന മികച്ച സ്കോറാണ് നേടിയത്. കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന മഹാരാഷ്ട്രയ്ക്ക് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത് റിതുരാജ് ഗെയിക്ക്വാദും, രാഹുൽ ത്രിപാതിയും ചേർന്ന്‌. എന്നാൽ സ്കോർ ബോർഡിൽ 30 റൺസെത്തിയപ്പോളേക്ക് ഇരുവരും പവലിയനിൽ തിരിച്ചെത്തി‌.

എന്നാൽ മൂന്നാമനായിറങ്ങിയ ജേദാർ ജാദവ് തന്റെ രൗദ്രഭാവം പുറത്തെടുക്കുന്നതായിരുന്നു പിന്നീട് കണ്ടത്. കഴിഞ്ഞ ഐപിഎല്ലിൽ ചെന്നൈയ്ക്കായി ദയനീയ ഫോമിൽ കളിച്ച് ക്രിക്കറ്റ് പ്രേമികളുടെ കടുത്ത വിമർശനങ്ങൾക്ക് ഇരയായ ജാദവ് ആഞ്ഞടിച്ചതോടെ മത്സരം മഹാരാഷ്ട്രയുടെ വരുതിയിലെത്തി. വെറും 45 പന്തുകളിൽ 5 വീതം ബൗണ്ടറികളും, സിക്സറുകളുമടക്കം 84 റൺസ് നേടിയ ജേദാർ ജാദവ് മത്സരത്തിൽ പുറത്താകാതെ നിന്നു. മറുവശത്ത് 78 റൺസെടുത്ത നൗഷാദ് ഷെയിഖും മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ മത്സരത്തിന്റെ അവസാന പന്തിൽ മഹാരാഷ്ട്ര മത്സരം വിജയിക്കുകയായിരുന്നു.