SHARE

പരിക്കിനെ തുടർന്ന് ടീമിന് പുറത്തിരിക്കുന്ന ഇന്ത്യൻ ഓൾറൗണ്ടർ കേദാർ ജാദവ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. രണ്ട് മൂന്ന് ആഴ്ചകൾക്കുള്ളിൽ ഫീൽഡിലേക്ക് മടങ്ങിയെത്തുമെന്നു ജാദവ് തന്നെ വ്യക്തമാക്കി. കഴിഞ്ഞ ഐ പി എല്ലിൽ പിൻതുട ഞരമ്പിനേറ്റ പരിക്കിനെ തുടർന്ന് അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയമായിരുന്നു. വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജാദവ്.

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമാണ് ജാദവ്. കഴിഞ്ഞ സീസണിൽ മുംബൈക്കെതിരായ ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്യുമ്പോഴായിരുന്നു പരിക്കേറ്റത്. പരിക്കിനെ തുടർന്ന് അപ്പോൾ തന്നെ മൈതാനം വിട്ട ജാദവിനു സീസണിലെ പിന്നീടുള്ള മത്സരങ്ങളെല്ലാം നഷ്ടപ്പെട്ടിരുന്നു. മെൽബണിൽ നടത്തിയ ശസ്ത്രക്രിയക്ക് ശേഷമാണ് ജാദവ് ഇപ്പോൾ കളിക്കളത്തിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നത്.

വിചാരിച്ചതിലും വേഗം പൂർവസ്ഥിതിയിലേക്ക് മടങ്ങിയെത്തുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. ജാദവിന്റെ വാക്കുകൾ ഇങ്ങനെ ; “അടുത്ത രണ്ട് മൂന്ന് ആഴ്ചകൾക്കുള്ളിൽ കളിക്കാനാകും. ഇപ്പോൾ വേണമെങ്കിലും കളിക്കാൻ സാധിക്കും,മഴയാണ് പ്രശ്നം. പരിക്കുപറ്റുന്നത് കളിയിൽ സാധാരണമാണ് അതിൽ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ” ഇംഗ്ലണ്ട് പരമ്പരയിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ വിഷമം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.