SHARE

കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ എടികെയ്ക്ക് വേണ്ടി കളിച്ച ഇന്ത്യൻ താരം കീഗൻ പെരേരയെ സ്വന്തമാക്കി ഐ എസ് എൽ ടീം നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. പ്രതിരോധത്തിൽ ഇന്ത്യൻ കരുത്ത് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മുപ്പതുകാരനായ ഈ ലെഫ്റ്റ്ബാക്ക് താരത്തെ നോർത്ത് ഈസ്റ്റ് ടീമിലെത്തിച്ചിരിക്കുന്നത്.

2007 ൽ മുംബൈ ഫുട്ബോൾ ക്ലബ്ബിലൂടെ സീനിയർ കരിയർ തുടങ്ങിയ കീഗൻ, തുടർന്ന് സാൽഗോക്കർ, ഡിഎസ്കെ ശിവാജിയൻസ് എന്നീ ടീമുകളിലും കളിച്ചു. 2013 മുതൽ 2015 വരെ ബെംഗളൂരു എഫ്സിക്കൊക്കം പന്ത് തട്ടിയ താരം 2016 ലും 2017 ലും എടികെയ്ക്ക് വേണ്ടിയാണ് ജേഴ്സിയണിഞ്ഞത്. ഇന്ത്യൻ സീനിയർ ടീമിന് വേണ്ടിയും കളിച്ചിട്ടുള്ള പെരേര, വരും സീസണിൽ നോർത്ത് ഈസ്റ്റ് പ്രതിരോധത്തിന് വലിയ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്‌.