SHARE

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ആധിപത്യം നഷ്ടമാക്കിയ വിന്‍ഡീസിന് പരിക്കിന്റെ രൂപത്തില്‍ തിരിച്ചടിയും. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ക്കു പകരം ടീമിലെത്തിയ കീമോ പോളിനാണ് മൂന്നാംദിനം ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്കേറ്റത്. നാലാം ഓവറിലാണ് സംഭവം. ജോ ഡെന്‍ലിയുടെ കവര്‍ഡ്രൈവ് ബൗണ്ടറിയില്‍ നിന്നു രക്ഷിക്കുന്നതിനിടെ കാല്‍മുട്ടിന് പരിക്കേല്ക്കുകയായിരുന്നു.

കീമോ പോള്‍ മൂന്നാംദിനം കളിച്ചേക്കില്ലെന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ടെങ്കിലും പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. അങ്ങനെ വന്നാല്‍ ഏകദിന പരമ്പരയും ഓള്‍റൗണ്ടര്‍ക്ക് നഷ്ടമാകും. ആറാഴ്ച്ചയോളം പോള്‍ വിശ്രമിക്കേണ്ടി വരുമെന്നാണ് അവസാനം ലഭിക്കുന്ന സൂചനകള്‍. ഈ ടെസ്റ്റില്‍ പന്തുകൊണ്ട് മികച്ച പ്രകടനമാണ് ഈ യുവതാരം നടത്തിയത്.

ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ച് പരമ്പര സ്വന്തമാക്കിയതിനാല്‍ വിന്‍ഡീസിന് വലിയ പ്രശ്‌നം ഇല്ലെങ്കിലും ഏകദിന പരമ്പര പിന്നാലെ വരുന്നതിനാല്‍ പോളിന്റെ അഭാവം ബാധിക്കും. ഏകദിന ടീമില്‍ പോളിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ വിന്‍ഡീസ് കിരീടം നേടിയപ്പോള്‍ ടീമിലുണ്ടായിരുന്ന താരമാണ് പോള്‍.