ഐ-ലീഗിൽ നിന്ന് കെൻക്രെ എഫ്സി പുറത്ത്. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യൻ ആരോസിനോട് തോറ്റതോടെ അവസാനസ്ഥാനത്ത് ഫിനിഷ് ചെയ്താണ് പുതുമുഖങ്ങളായി ലീഗിലെത്തിയ കെൻക്രെ തരംതാഴ്ത്തപ്പെടുന്നത്. ട്രാവുവിനോട് സമനില വഴങ്ങിയതോടെ റയൽ കശ്മീർ ഐ-ലീഗിൽ പിടിച്ചുനിന്നു.
അവസാന സ്ഥാനത്താണ് കെൻക്രെ മത്സരം തുടങ്ങിയത്. എന്നാൽ റെലഗേഷൻ സോണിൽ ഇതുവരെ നടന്ന നാല് മത്സരങ്ങളിൽ തോൽവിയറിയാെതെ കുതിച്ച കെൻക്രെയ്ക്ക്, ഇന്ന് വിജയിച്ചാൽ ഐ-ലീഗിൽ നിലനിൽക്കാനുള്ള സാധ്യതയുണ്ടായിരുന്നു. റയൽ കശ്മീർ സമനില കൂടി വഴങ്ങിയ സാഹചര്യത്തിൽ ജയിച്ചാൽ കെൻക്രെയ്ക്ക് ഐ-ലീഗിൽ തുടരാമായിരുന്നു. എന്നാൽ ആരോസിനോട് 89-ാം മിനിറ്റിൽ വഴങ്ങിയ ഗോളാണ് കെൻക്രെയെ വീഴ്ത്തിയത്. ഹിമാൻശു ജംഗ്രയാണ് ആരോസിനായി വലകുലുക്കിയത്.
കല്യാണി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ട്രാവുവിനെ റയൽ കശ്മീർ സമനിലയിൽ തളിച്ചത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. കശ്മീരിനായി ബെർണാഡ് യോ കോസിയും ട്രാവുവിനായി റോജർ മെയ്റ്റൽകിഷാംങ്ബാമുമാണ് വലകുലുക്കിയത്.