SHARE

മഹാരാഷ്ട്രക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. 274 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന മത്സരത്തിൻ്റെ 25 ഓവര്‍ പിന്നിട്ടപ്പോള്‍ 159-6 എന്ന നിലയിലാണ് കേരളം. 18 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ധീനും 6 റൺസെടുത്ത ഫാസിൽ ഫനൂസുമാണ്  ക്രീസിലുള്ളത്.

ക്വാര്‍ട്ടറിലെത്താന്‍ വിജയം അനിവാര്യമായ കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര കൂറ്റന്‍ സ്‌കോറാണ് നേടിയത്. 37 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ മഹാരാഷ്ട്രയുടെ സ്‌കോര്‍ ബോര്‍ഡില്‍ 273-8 റണ്‍സാണുള്ളത്. 76 റണ്‍സെടുത്ത നൗഷാദ് ഷെയ്ഖാണ് മഹാരാഷ്ട്ര ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്.

അങ്കിത് ബാവ്‌നെ 43 റണ്‍സെടുത്തും ദിവ്യാംഗ് ഹിംഗനേക്കര്‍ 37 റണ്‍സെടുത്തും ഉറച്ച പിന്തുണ നല്‍കി. കേരളത്തിന് വേണ്ടി സന്ദീപ് വാര്യരും അഭിഷേക് മോഹനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ഓപ്പണര്‍ വിഷ്ണു വിനോദിനെ 12 റണ്‍സെടുത്തും അഭിഷേക് മോഹനെ 19 റണ്‍സെടുത്തും നഷ്ടമായി. സഞ്ജു സാംസണ്‍ ഫോമിലേക്ക് തിരിച്ചെത്തിയതോടെ കേരളം വീണ്ടും പ്രതീക്ഷയിലായി. മറുവശത്ത് 22 സച്ചിന്‍ ബേബിയും 12 റണ്‍സെടുത്ത സല്‍മാന്‍ നിസാറും പുറത്തായി.

46 റണ്‍സെടുത്ത സാംസണും 23 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തിക്കും പുറത്തായതോടെ കേരളത്തിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയ്ക്ക് വേണ്ടി ശ്രീകാന്ത് മുന്ദേയും സത്യജീത് ബച്ചാവും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.