SHARE

ഹൈദരാബാദിനെതിരായ വിജയ്ഹസാരെ ട്രോഫി മത്സരത്തിൽ‌ ഇഴഞ്ഞ് നീങ്ങിയ ഇന്നിംഗ്സുമായി കേരളം. പലപ്പോളും ടെസ്റ്റ് മത്സരങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽബാറ്റ് ചെയ്ത കേരളം ഹൈദരാബാദിനെതിരായ മത്സരത്തിൽ നിശ്ചിത 50 ഓവറിൽ നേടിയത് 189 റൺസുകൾ മാത്രം. അതും 4 വിക്കറ്റുകൾ കൈവശമുണ്ടായിരുന്നിട്ടും. 92 പന്തിൽ 62 റൺസ് നേടിയ സീനിയർ ബാറ്റ്സ്മാൻ വി.എ.ജഗദീഷാണ് ടീമിന്റെ ടോപ്സ്കോറർ. 22 പന്തിൽ 34 റൺസ് നേടിയ മുൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം വിഷ്ണു വിനോദാണ് അവസാന ഓവറുകളിൽ തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്ത് കേരളത്തെ 189/6 എന്ന സ്കോർ വരെയെങ്കിലുമെത്തിച്ചത്.

മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പന്തിൽത്തന്നെ ടീമിന് തിരിച്ചടിയേറ്റു. റണ്ണൊന്നുമെടുക്കുന്നതിന് മുന്നേ അരുൺ കാർത്തിക്ക് പുറത്ത്. ഈ തിരിച്ചടിയിൽ നിന്ന് പിന്നീട് കരകയറാൻ കേരളത്തിന് കഴിഞ്ഞില്ല. ബാറ്റ് വീശിയവരെല്ലാം ഇഴയൻ ഇന്നിംഗ്സുകളുമായി മത്സരത്തെ ടെസ്റ്റാക്കി മാറ്റി. ഓപ്പണർ ജലജ് സക്സേന 52 പന്തിൽ 21 റൺസ് നേടിയപ്പോൾ, നായകൻ സച്ചിൻ ബേബി 68 പന്തിൽ 31 റൺസും, സൽമാൻ നിസാർ 47 പന്തിൽ 25 റൺസുമാണ് നേടിയത്.

ഒരു ഘട്ടത്തിൽ 43.4 ഓവറിൽ 132/5 എന്ന നിലയിലായിരുന്ന കേരളാ സ്കോർ 175 ന്അപ്പുറത്തേക്ക് കടക്കില്ലെന്ന് കരുതിയിരിക്കുമ്പോളായിരുന്നു ഏഴാമനായി വിഷ്ണു വിനോദിന്റെ രംഗ പ്രവേശം. 22 പന്തിൽ രണ്ട് വീതം ബൗണ്ടറികളും സിക്സറുകളുമായി 34 റൺസെടുത്ത വിഷ്ണു വിനോദിന്റെ ഇന്നിംഗ്സാണ് കേരളാ സ്കോർ ഇത്രയെങ്കിലുമെത്തിച്ചത്. വിഷ്ണുവിന്റെ കരുത്തിൽ ഇന്നിംഗ്സിന്റെ അവസാന 38 പന്തുകളിൽ 57 റൺസാണ് കേരളം നേടിയത്.