SHARE

വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളത്തിന് മിന്നും ജയം. എതിരാളികളായ ച‍ണ്ഡി​ഗഢിനെ ആറ് വിക്കറ്റിനാണ് കേരളം തോൽപ്പിച്ചത്. അർധസെഞ്ച്വറി നേടി പുറത്താകാതെ നിന്ന സച്ചിൻ ബേബിയാണ് കേരളത്തിന് ഉജ്ജ്വലജയം സമ്മാനിച്ചത്.

​ഗുജറാത്തിലെ രാജ്കോട്ടിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചണ്ഡി​ഗഢ് നിശ്ചിത അമ്പത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ് നേടിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിജോമോൻ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരളാ ബൗളിങ് നിരയുടെ മികച്ച പ്രകടനമാണ് ചണ്ഡ‍ി​ഗഢിനെ കുറഞ്ഞ സ്കോറിൽ ഒതുക്കാൻ സഹായിച്ചത്. 56 റൺസ് നേടിയ മനൻ വോഹ്റ മാത്രമാണ് ചണ്ഡി​ഗഢ് നിരയിൽ മികച്ചുനിന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് സ്കോർ 18-ൽ എത്തിയപ്പോൾ തന്നെ മൂഹമ്മദ് അസറുദീനെ നഷ്ടമായി. എന്നാൽ പിന്നീട് മികച്ച കൂട്ടുകെട്ടുകളിലൂടെ കേരളം വിജയതീരത്തേക്ക് അടുക്കുകയായിരുന്നു. സച്ചിൻ 59 റൺസുമായി പുറത്താകാതെ നിന്നു. 46 റൺസ് നേടിയ രോഹൻ കുന്നുമ്മേലും കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവച്ചു. ക്യാപ്റ്റൻ സഞ്ജു സാംസൺ 24 റൺസ് നേടി.