SHARE
ഉത്തപ്പ(ഫയൽചിത്രം)

സെയ്ദ് മുഷതാഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വീണ്ടും ആവേശജയം. കരുത്തരായ ഡൽഹിയെ ആറ് വിക്കറ്റിനാണ് കേരളം തോൽപ്പിച്ചത്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത റോബിൻ ഉത്തപ്പയുടേയും വിഷ്ണു വിനോദിന്റേയും മികവിലാണ് കേരളത്തിന്റെ ജയം. സ്കോർ: ഡെൽഹി-212/4, കേരളം- 218/4

ഡൽഹി ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് തുടക്കത്തിലെ അടികിട്ടി. കഴിഞ്ഞ കളിയിലെ സെഞ്ച്വറി ഹീറോ മുഹമ്മദ് അസ്ഹറുദിൻ ഇന്ന് നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. അധികം വൈകാതെ തന്നെ 16 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജു സാസംനും വീണു. ഇതോടെ കേരളം അപകടം മണത്തു. എന്നാൽ ഉത്തപയ്ക്കൊപ്പം സച്ചിൻ ബേബി പിടിച്ചുനിന്നതോടെ കേരളത്തിന് പ്രതീക്ഷയായി. സ്കോർ 71-ൽ നിൽക്കെ 22 റൺസെടുത്ത സച്ചിൻ വീണു. തുടർന്നാണ് ഉത്തപ്പ-വിഷ്ണു സഖ്യത്തിന്റെ വെടിക്കെട്ട്.

ഇരുവരും ചേർന്നുള്ള നാലാം വിക്കറ്റ് 133 റൺസാണ് നേടിയത്. തുടർന്നാണ് 91 റൺസ് നേടിയ ഉത്തപ്പ പുറത്തായത്. 54 പന്തിൽ നിന്ന് മൂന്ന് ഫോറും എട്ട് സിക്സുമടങ്ങുന്നതായിരുന്നു ഉത്തപ്പയുടെ വെടിക്കെട്ട്. ഉത്തപ്പ പുറത്താകുമ്പോഴേക്കും കേരളം ജയമുറപ്പിച്ചുകഴിഞ്ഞിരുന്നു. പിന്നീടെത്തിയ സൽമാൻ നിസാറിന് വിഷ്ണുവിനൊപ്പം ചേർന്ന് ഫിനിഷ് ചെയ്യേണ്ട ആവശ്യമെ വന്നുള്ളു. 38 പന്തിൽ മൂന്ന് ഫോറും അഞ്ച് സിക്സുമടക്കം 71 റൺസാണ് വിഷ്ണു നേടിയത്.