SHARE

മുഷ്താഖ് അലി ട്രോഫിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ കരുത്തരായ മുംബൈയെ 8 വിക്കറ്റിന് പരാജയപ്പെടുത്തി കേരളം. 54 പ‌ന്തുകളിൽ 137 റൺസ് നേടി പുറത്താകാതെ നിന്ന യുവ ഓപ്പണർ മൊഹമ്മദ് അസറുദ്ദീന്റെ അവിശ്വസനീയമായ ബാറ്റിംഗ് വെടിക്കെട്ടാണ് കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന മത്സരത്തിൽ കേരളത്തിന് ത്രില്ലിംഗ് വിജയം സമ്മാനിച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറുകളിൽ 196/7 എന്ന മികച്ച സ്കോർ നേടിയപ്പോൾ, അസറുദ്ദീന്റെ കരുത്തിൽ തിരിച്ചടിച്ച കേരളം 15.5 ഓവറുകളിൽ 2 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയം കാണുകയായിരുന്നു. വെറും 37 പന്തുകളിൽ സെഞ്ചുറിയിലെത്തിയ അസറുദ്ദീൻ 54 പന്തുകളിൽ 9 ബൗണ്ടറികളും 11 സിക്സറുകളുമടക്കം 137 റൺസ് നേടി‌ മത്സരത്തിൽ പുറത്താകാതെ നിന്നു.

വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ കേരളം എതിരാളികളെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണർമാരായ യാശ്വസി ജൈസ്വാളും, ആദിത്യ താരെയും മികച്ച ഫോമിൽ ബാറ്റ് ചെയ്തതോടെ മുംബൈയ്ക്ക് തകർപ്പൻ തുടക്കം ലഭിച്ചു. ആദ്യ രണ്ട് ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ശ്രീശാന്തിന്റെ മൂന്നാം ഓവറിൽ യാശ്വസി ജൈസ്വാൾ രണ്ട് സിക്സറുകൾ പറത്തി‌. ജൈസ്വാൾ 40 റൺസും, ആദിത്യ താരെ 42 റൺസും നേടിയപ്പോൾ, 38 റൺസെടുത്ത സൂര്യകുമാർ യാദവും മുംബൈയ്ക്കായി തിളങ്ങി. അനായാസം 200 റൺസ് കടക്കുമെന്ന് കരുതിയ മുംബൈയെ അവസാന ഓവറിൽ 3 വിക്കറ്റുകൾ വീഴ്ത്തിയ ആസിഫാണ് അതിൽ നിന്ന് തടഞ്ഞത്.

197 റൺസെന്ന കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന കേരളം തുടക്കം മുതൽ ആഞ്ഞടിച്ചു. സീനിയർ താരം റോബിൻ ഉത്തപ്പയെ ഒരു വശത്ത് കാഴ്ചക്കാരനാക്കി നിർത്തി മൊഹമ്മദ് അസറുദ്ദീൻ നിറഞ്ഞാടിയതോടെ മത്സരം മുംബൈയുടെ കൈയ്യിൽ നിന്ന് നഷ്ടമായി. നേരിട്ട ബോളർമാരെയെല്ലാം അടിച്ചു പറത്തിയ അസറുദ്ദീൻ തന്റെ ക്രിക്കറ്റ് കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് പുറത്തെടുത്തത്. ബൗണ്ടറികളും സിക്സറുകളും താരത്തിന്റെ വില്ലോയിൽ നിന്ന് തുടർച്ചയായി പിറന്നു. ഇന്നിംഗ്സിന്റെ പത്താം ഓവറിൽ, 33 റൺസ് നേടിയ ഉത്തപ്പയുടെ വിക്കറ്റ് നഷ്ടമായെങ്കിലും അതൊന്നും കേരളത്തെ തെല്ലും ബാധിച്ചില്ല. 10 ഓവറുകൾ അവസാനിക്കുമ്പോൾ ടീം സ്കോർ 140 ലെത്തിയിരുന്നു.

മൂന്നാമനായി ബാറ്റിംഗിനിറങ്ങിയ നായകൻ സഞ്ജു സാംസണും മികച്ച ഫോമിലായിരുന്നു. ഇതിനിടെ അസറുദ്ദീൻ സെഞ്ചുറിയിലേക്കെത്തി‌. 37 പന്തുകളിൽ നിന്നായിരുന്നു യുവ താരത്തിന്റെ സ്വപ്ന സെഞ്ചുറി പിറന്നത്. ശതകം നേടിയതിന് ശേഷവും വെടിക്കെട്ട് തുടർന്ന അസറുദ്ദീൻ എത്രയും വേഗം ടീമിനെ വിജയത്തിലെത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് ബാറ്റ് വീശിയത്. ടീം വിജയത്തിനരികെയെത്തിയപ്പോൾ 12 പന്തിൽ 22 റൺസെടുത്ത സഞ്ജു പുറത്തായി. പിന്നാലെയെത്തിയ മുൻ നായകൻ സച്ചിൻ ബേബിക്കൊപ്പം അസറുദ്ദീൻ ടീമിനെ വിജയത്തിലെത്തിക്കുമ്പോൾ ഇന്നിംഗ്സിൽ 25 പന്തുകൾ ബാക്കിയുണ്ടായിരുന്നു.