SHARE

മുഷ്താഖ് അലി ട്രോഫിയിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഉത്തർപ്രദേശിനെ ഒരു റണ്ണിന് കീഴടക്കി കേരളം. മഴ വില്ലനായെത്തിയ മത്സരത്തിൽ മഴ നിയമം അനുസരിച്ചാണ് കേരളത്തിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 119/8 എന്ന സ്കോർ നേടിയപ്പോൾ മഴയെത്തുടർന്ന് ഉത്തർപ്രദേശിന്റെ വിജയ ലക്ഷ്യം പുനർ നിശ്ചയിക്കുക യായിരുന്നു. എന്നാൽ ഉത്തർപ്രദേശ് ഏഴ് ഓവറിൽ 42/4 എന്ന നിലയിൽ നിൽക്കുമ്പോൾ വീണ്ടും കളി മുടങ്ങുകയും തുടർന്ന് മഴനിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയുമായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം തുടക്കം മുതൽ ഇഴഞ്ഞു. 10 പന്തിൽ 3 റൺസെടുത്ത രോഹൻ കുന്നുമ്മേലും, 14 പന്തിൽ 13 റൺസെടുത്ത വിഷ്ണു വിനോദും റണ്ണെടുക്കാൻ ബുദ്ധിമുട്ടിയതോടെ കേരളത്തിന്റെ പവർ പ്ലേ ഓവറുകളിൽ റൺസ് അധികം പിറന്നില്ല. മൂന്നാമനായി സഞ്ജു ഇറങ്ങിയതോടെയാണ് സ്കോർ ബോർഡിനും ചലനമുണ്ടായത്. ഒരു വശത്ത് വിക്കറ്റുകൾ വീണെങ്കിലും സഞ്ജു മറുവശത്ത് മികച്ച രീതിയിൽ ബാറ്റ് വീശി. ഇതിനിടെ സച്ചിൻ ബേബി 1 റൺസിനും, റോബിൻ ഉത്തപ്പ 2 റൺസിനും പുറത്തായി.

28 പന്തിൽ 2 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 38 റൺസ് നേടിയ സഞ്ജു പുറത്താകുമ്പോൾ കേരളം 12.4 ഓവറുകളിൽ 71/5. അവസാന ഓവറുകളിൽ എസ് മിഥുൻ പുറത്തെടുത്ത ചെറിയ വെടിക്കെട്ടാണ് (8 പന്തിൽ 17 റൺസ്) കേരളാ സ്കോർ 110 കടത്തിയത്. അതുമില്ലായിരുന്നെങ്കിൽ നൂറിൽത്താഴെ സ്കോറിൽ കേരളം ഒതുങ്ങിയേനെ.

ലക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയ്ത ഉത്തർപ്രദേശിനും ബാറ്റിംഗിൽ പിഴച്ചു. 36 റൺസെടുക്കുന്നതിനിടെ 4 വിക്കറ്റുകൾ നഷ്ടമായ അവർ 7 ഓവറിൽ 42/4 എന്ന സ്കോറിൽ നിൽക്കേ വീണ്ടും മഴയെത്തി. തുടർന്ന് കളി ഉപേക്ഷിച്ചതോടെയാണ് വിജയികളെ മഴനിയമത്തിലൂടെ കണ്ടെത്തേണ്ടി‌ വന്നത്. മഴനിയമപ്രകാരം കേരളത്തിന് ഒരു റൺ ജയം ഇതോടെ സ്വന്തമാവുകയായിരുന്നു.