SHARE

നടുക്കടലിൽ കപ്പിത്താൻ ഉപേക്ഷിച്ച് പോയ കപ്പലിന്റെ അവസ്ഥയിലായിരുന്നു കഴിഞ്ഞ ദിവസം കേരളാ ബ്ലാസ്റ്റേഴ്സ്. ഡേവിഡ് ജെയിംസ് എന്ന ഇംഗ്ലീഷുകാരൻ ടീമിന്റെ ചുമതല ഏറ്റെടുത്തതോടെയാണ് കേരളാ ആരാധകരുടെ ശ്വാസം നേരെ വീണത്. ആദ്യ സീസണിൽ കേരളത്തിന്റെ എല്ലാമെല്ലാമായിരുന്ന ഡേവിഡ് ജെയിസിന്റെ കേരളത്തിലേക്കുള്ള തിരിച്ചു വരവ് ആഘോഷമാക്കുകയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ. ഈ സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ച വെയ്ക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ തലവിധി മാറ്റാൻ ജെയിംസിന് കഴിയുമെന്ന വിശ്വാസത്തിലാണ് അവർ.

2014 ലെ ആദ്യ ഐ എസ് എൽ സീസണിൽ മൂന്ന് ദൗത്യങ്ങളായിരുന്നു ഈ മുൻ ലിവർപൂൾ താരത്തിന് ഉണ്ടായിരുന്നത്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ മാർക്വീ താരം, ഗോൾ കീപ്പർ, പരിശീലകൻ എന്നീ മൂന്ന് വേഷങ്ങളിലും നന്നായി ക്ഷോഭിച്ച ജെയിംസ്, ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. കളികാരനായും, മാനേജറായും അധികച്ചുമതല ചെയ്യേണ്ടി വന്ന ആദ്യ സീസണിൽ നിന്നും നാലാം സീസണിലേക്കെത്തുമ്പോൾ പരിശീലകന്റെ ചുമതല മാത്രമേ ജെയിംസിന് വഹിക്കേണ്ടതുള്ളൂ. അത് കൊണ്ട് തന്നെ വളരെ ശാന്തമായി തന്റെ ജോലി ചെയ്യാൻ അദ്ദേഹത്തിന് കഴിയും.

ആദ്യ സീസണിൽ 14 ഗ്രൂപ്പ് മത്സരങ്ങളിൽ അഞ്ച് വീതം ജയവും സമനിലയുമായിരുന്നു ജെയിംസ് ടീമിന് സമ്മാനിച്ചത്. അന്ന് 44 വയസ് പ്രായമുണ്ടായിരുന്നിട്ടും ഗോൾ വലയ്ക്ക് മുന്നിൽ തകർപ്പൻ പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. ആദ്യ സീസൺ ഐ എസ് എല്ലോടെ അദ്ദേഹം ഫുട്ബോൾ കളിയും മതിയാക്കി.

ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷവും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റുമായും, ടീം അംഗങ്ങളുമായും മികച്ച ബന്ധമാണ് ജെയിംസിനുണ്ടായിരുന്നത്. സോഷ്യൽ മീഡിയയിലൂടെയും മറ്റും ബ്ലാസ്റ്റേഴ്സ് ടീമിന് വളരെയധികം പിന്തുണ ജെയിംസ് നൽകിയിരുന്നു. ടീമിനെ മുന്നിൽ നിന്ന് പ്രചോദിപ്പിക്കുകയും, ഒരു സുഹൃത്തിനെപ്പോലെ താരങ്ങൾക്ക് കളി പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന ജെയിംസിനെപ്പോലെ ഒരാളെയായിരു‌ന്നു കേരളത്തിന് ഇപ്പോൾ വേണ്ടിയിരുന്നതും. സൈഡ് ലൈനിന് സമീപം നിർദേശങ്ങളുമായി ഓടി നടക്കുന്ന ജെയിംസിന്റെ സാന്നിധ്യം കേരളാ താരങ്ങൾക്കെല്ലാം ഏറെ പ്രചോദനമാകുമെന്നത് ഉറപ്പാണ്.

നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇത് വരെ ഏഴ് മത്സരങ്ങളിൽ കളിച്ച് ഏഴ് പോയിന്റുകൾ മാത്രം സമ്പാദിച്ച കേരളം പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ്. ഇന്ന് പൂനെയ്ക്കെതിരെയുള്ള മത്സരത്തോട് കൂടി ഈ വർഷത്തെ വിജയപരമ്പരയ്ക്ക് തുടക്കമിടാമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കേരളം എട്ടാം സ്ഥാനത്താണെങ്കിൽ ഇന്നത്തെ എതിരാളികളായ എഫ് സി പൂനെ സിറ്റി 8 മത്സരങ്ങളിൽ 15 പോയിന്റുമായി രണ്ടാമതാണ്.

സീസണിൽ ഇനിയും 11 മത്സരങ്ങൾ കേരളത്തിന് ബാക്കിയുണ്ട്. അത് കൊണ്ടു തന്നെ അവരുടെ ഈ സീസണിലെ പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല. ഡേവിഡ് ജെയിംസ് എന്ന പ്രിയപ്പെട്ട പരിശീലകന്റെ കീഴിൽ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കാൻ കേരളത്തിന് കഴിയുമെന്നാണ് ലക്ഷോപലക്ഷം വരുന്ന ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും വിശ്വാസം. ആരാധകർ തന്നിൽ അർപ്പിക്കുന്ന വിശ്വാസത്തിന് തുടർ വിജയങ്ങളിലൂടെ തക്ക പ്രതിഫലം നൽകാൻ ഡേവിഡ് ജെയിംസ് എന്ന നാൽപ്പത്തിയേഴുകാരന് കഴിഞ്ഞാൽ ഈ സീസൺ ബ്ലാസ്റ്റേഴ്സിന് ഏറെ പ്രിയപ്പെട്ടതായി മാറും എന്നുറപ്പ്.