SHARE

അഭ്യൂഹങ്ങൾക്കും ഉഹാപോഹങ്ങൾക്കും ഒരു നിമിഷം പോലും സമയം കൊടുക്കാതെ ആദ്യ വിദേശസൈനിങ് പ്രഖ്യാപിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. യുറു​ഗ്വെ താരം അഡ്രിയാൻ ലൂണയെയാണ് ബ്ലാസ്റ്റേഴ്സ് ഒപ്പം കൂട്ടിയത്. രണ്ട് വർഷത്തെ കരാറിലാണ് ഈ താരം ബ്ലാസ്റ്റേഴ്സിലെത്തുക.

29-കരനായ ലൂണ അറ്റാക്കിങ് മിഡ്ഫീൽഡറായും വിങ്ങറായും കളിക്കാൻ മികവുള്ള താരമാണ്. കഴിഞ്ഞ രണ്ട് വർഷമായി ഓസ്ട്രേലിയൻ ലീ​ഗിൽ മെൽബൺ സിറ്റിക്ക് വേണ്ടിയാണ് ലൂണ കളിച്ചിരുന്നത്. ഈ മാസം ഓസ്ട്രേലിയൻ ക്ലബുമായി വേർപിരിഞ്ഞശേഷമാണ് ലൂണ ഇന്ത്യയിലേക്ക് വരുന്നത്. യുറു​ഗ്വെയ്ക്കും ഓസ്ട്രേലിയക്കും പുറമെ സ്പെയിൻ, മെക്സിക്കോ എന്നിവടങ്ങളിലെ ക്ലബുകൾക്കായും ലൂണ പന്ത് തട്ടിയിട്ടുണ്ട്. യുറു​ഗ്വെയുടെ യൂത്ത് ടീമുകൾക്കായും ലൂണ കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ബ്ലാസ്റ്റേഴ്സ് ഇക്കുറി അടിമുടി മാറ്റവുമായാണ് വരുന്നത്. സെർബിയൻ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ കീഴിലാണ് ക്ലബ് ഒരുങ്ങുന്നത്. ഐ.എസ്.എൽ എട്ടാം സീസണിന് മുമ്പായുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രീ സീസൺ ക്യാംപ് 30-ന് കൊച്ചിയിൽ തുടങ്ങുകയാണ്. ഇതിന് മുമ്പായാണ് സകലരേയും ഞെട്ടിച്ച് പാതിരാത്രി ബ്ലാസ്റ്റേഴ്സ് ആദ്യ വിദേശ സൈനിങ് പ്രഖ്യാപിച്ചത്.