SHARE

എല്ലാ എതിരാളികളും ഭയക്കുന്നു, കൊച്ചിയിലെ ഗാലറികളെ. അവിടെനിന്നുയരുന്ന അതിഗംഭീര ശബ്ദത്തെ.40,000-ലേറെപേര്‍ ഒന്നുചേര്‍ന്നുള്ള ആര്‍പ്പുവിളികളെ.
ബ്ലാസ്റ്റേഴ്‌സിന്റെ പന്ത്രണ്ടാം താരമാണ് ഗാലറി, ഒരു പക്ഷെ കളിക്കളത്തിലിറങ്ങുന്ന താരങ്ങളേക്കാള്‍ കരുത്തുള്ള താരം.

ഇക്കുറി അതു പോര, ബെംഗളുരു എഫ്.സി എന്ന ടീമും, അവരുടെ ആരധകവൃന്ദമായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നു. ആരാധകരുടെ എണ്ണത്തിലും അവര്‍ ചേര്‍ന്നുണ്ടാക്കുന്ന ശബ്ദത്തിലും, ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്തെത്താന്‍ അവര്‍ക്കാകില്ല. എന്നാല്‍ നീലപ്പടയുടെ പ്രൊഫഷണലിസം മലയാളികള്‍ക്ക് കടുത്ത വെല്ലുവിളിയാണ്.

അതിനാല്‍ തന്നെ ഡിസംബര്‍ 31-ന്, കൊച്ചിന്‍ കാര്‍ണിവെല്ലിന് സാന്താ ക്ലോസിനെ കത്തിക്കുന്നത് പോലെ, വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനെ തകര്‍ത്തെറിയാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരായ മഞ്ഞപ്പട.

യൂറോപ്യന്‍ ഫുട്‌ബോളില്‍ ആരാധകരുടെ ആവേശം തിളയക്കുന്നതും രക്തയോട്ടത്തിന് വേഗമേറുന്നതും ടീമിന് വേണ്ടിയുള്ള ചാന്റുകള്‍ അച്ചടക്കത്തോടെയും താളത്തിലും ഏറ്റുപാടുമ്പോഴാണ്. അതേ മാര്‍ഗം പിന്തുടരാനാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരും തീരുമാനിച്ചിരിക്കുന്നതും.

ബ്ലാസ്റ്റേഴ്‌സ് ആരാധകരായ മഞ്ഞപ്പട, ഇറക്കിയ “ഓയെ ഓയെ ഓയെ ഹോ”, ഇത്തരത്തിലൊന്നാണ്. ആരാധകര്‍ക്ക് സമ്മിശ്ര പ്രതികരണമാണ് ഇതിനോട്. മറ്റെവിടെയോ കേട്ടുപരിചയമുള്ള ചാന്റ് പകര്‍ത്തിയതാണെന്ന് ചിലര്‍ പറയുമ്പോള്‍, അതല്ല, മറ്റ് ക്ലബുകളുടെ ചാന്റുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണിതെന്നാണ് മറുവിഭാഗത്തിന്റെ വാദം.