SHARE

കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ ചങ്കിടിപ്പായ കേരളാബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടുമോ. ആശങ്കകള്‍ അസ്ഥാനത്തല്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കേരളാ പോലീസ്, ജിസിഡിഎ, കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍, കോര്‍പ്പറേഷന്‍ എന്നിവരുടെ നിസ്സഹകരണം സഹിക്കാവുന്നതിലുമപ്പുറമാണെന്നാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റില്‍ നിന്നും ലഭിക്കുന്ന വിവരം. അടുത്ത മൂന്നിനു ചേരുന്ന ബ്ലാസ്റ്റേഴ്‌സ് ഉന്നതതല യോഗത്തില്‍ ഒരു പക്ഷെ തീരുമാനമുണ്ടായേക്കും.

സ്റ്റേഡിയം ലഭിക്കാനുള്ള അനുമതി മുതല്‍ സുരക്ഷവരെ എല്ലാക്കര്യങ്ങളിലും നൂലാമാലകള്‍, പരിശീലനത്തിന് പനമ്പള്ളി നഗറിലെ സ്റ്റേഡിയം ലഭിക്കുന്നത് സംബന്ധിച്ച തര്‍ക്കം, വിനോദ നികുതിയെന്ന കോര്‍പ്പറേഷന്റെ ഭീഷണി, കോംപ്ലിമെന്ററി ടിക്കറ്റുകളുടെ ബാഹുല്യം ഇവയൊക്കെയാണ് മാറി ചിന്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനെ പ്രേരിപ്പിച്ചത്. ഇവയിലൊക്കെ പരിഹാരം കാണാന്‍ ഒപ്പം നില്‍ക്കേണ്ട കേരളാ ഫുട്‌ബോള്‍ അസോസിയേഷനും സഹകരിക്കില്ലെന്ന മട്ടിലാണ്.

സെക്യൂരിറ്റി ഒരു കോടിയില്‍ നിന്നും രണ്ടു കോടിയാക്കണമെന്ന അവശ്യവും ജിസിഡിഎ ഉയര്‍ത്തുന്നുണ്ട്, ഒരു മത്സരത്തിന് അഞ്ചു ലക്ഷം രൂപയാണ് വാടക. കൂടാതെ സെക്യൂരിറ്റിക്കായി പോലീസിന് പത്തുലക്ഷം നല്‍കണം. കോംപ്ലിമെന്റി ടിക്കറ്റിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ കളി കണാന്‍ ടിക്കറ്റെടുക്കാത്തവരേയും കയറ്റി വിട്ട സംഭവമുണ്ടായി. ഇതെല്ലാം സഹിച്ച് കൊച്ചിയില്‍ നില്‍ക്കണോ എന്നതാണ് മൂന്നാം തിയതിയിലെ യോഗത്തില്‍ നടക്കുന്ന പ്രധാന ചര്‍ച്ച.