SHARE

ഐഎസ്എല്ലിന്റെ പ്രഭാവം ഓരോ വര്‍ഷം കഴിയുന്തോറും കുറഞ്ഞു വരുന്നതായിട്ടാണ് വിവിധ സാമ്പത്തിക വിദഗ്ധര്‍ കണക്കുകള്‍ സഹിതം വ്യക്തമാക്കുന്നത്. കാല്‍പ്പന്ത് ആരാധകര്‍ക്ക് കളത്തില്‍ മികച്ച പ്രകടനം കാണാന്‍ സാധിക്കുന്നുണ്ടെങ്കിലും ഐഎസ്എല്ലിന്റെ മറുവശം അത്ര ശുഭകരമല്ല. സാമ്പത്തികമായി മിക്ക ഫ്രാഞ്ചൈസികളും വലിയ സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നു പോകുന്നതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ബെംഗളൂരു എഫ്‌സി മാത്രമാണ് ഇക്കാര്യത്തില്‍ വേറിട്ടു നില്ക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിനും ഇത്തവണ വലിയ നഷ്ടക്കണക്കുകളാണ് പറയാനുള്ളത്. ടീം തുടര്‍ച്ചയായി തോറ്റതോടെ സ്‌റ്റേഡിയത്തിലെത്തി കളികാണുന്ന ആരാധകരുടെ എണ്ണത്തിലും വലിയ കുറവാണ് വന്നിരിക്കുന്നത്. ടിക്കറ്റ് വരുമാനം ഏറെക്കുറെ നിലച്ചെന്ന് പറയാവുന്ന അവസ്ഥ. കഴിഞ്ഞവര്‍ഷം 20,000-30,000 ഇടയ്ക്ക് കാണികള്‍ വന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 5,000ത്തിലും താഴെയാണ് സ്‌റ്റേഡിയത്തിലെത്തുന്നത്. ഇതില്‍ നല്ലൊരു പങ്കും സൗജന്യ പാസുമാണ്. പ്രതീക്ഷിച്ച വരുമാനം ഇത്തവണ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചേക്കില്ലെന്നാണ് മാനേജ്‌മെന്റ് പ്രതിനിധികളിലൊരാള്‍ സ്‌പോര്‍ട്‌സ്മലയാളത്തോട് പറഞ്ഞത്.

സത്യത്തില്‍ ഈ സീസണിലെ മോശം പ്രകടനം ഏറ്റവും കൂടുതല്‍ ബാധിക്കുക അടുത്ത സീസണിലാകും. ടൈറ്റില്‍ സ്‌പോണ്‍സര്‍ ഒഴികെ ബാക്കിയെല്ലാം ഓരോ വര്‍ഷവും ഒപ്പിടുന്ന കരാറുകളാണ്. ടീമിനെ ആരാധകര്‍ കൈവിട്ടെന്ന പ്രതീതി ജനിച്ചതോടെ വലിയ കമ്പനികള്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ കാര്യമായ താല്പര്യം പ്രകടിപ്പിക്കുകയില്ല. അതുകൊണ്ട് തന്നെ താഴ്ന്ന തുകയ്ക്ക് കരാര്‍ ഒപ്പിടേണ്ടിവരും. ഇപ്പോള്‍ തന്നെ പ്രതിവര്‍ഷം 15-20 കോടി രൂപയാണ് ക്ലബിന്റെ നഷ്ടം. ഇതു വര്‍ധിക്കുന്നത് കേരള ഫുട്‌ബോളിനും ശുഭകരമല്ല.