SHARE

ടീമിൽ അനാവശ്യ റൊട്ടേഷൻ വരുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ നന്നായി കളിക്കാത്ത താരങ്ങളെ ടീമിൽ നിന്ന് മാറ്റാൻ താൻ മടിക്കില്ലെന്നും, കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ എൽക്കോ ഷട്ടോറി. മുംബൈ സിറ്റിക്കെതിരെ നാളെ നടക്കാനിരിക്കുന്ന ഐ എസ് എൽ മത്സരത്തിന് മുന്നോടിയായി ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു‌ ഷട്ടോറി ഇങ്ങനെ പറഞ്ഞത്.

ടീം കെമിസ്ട്രി നിർമ്മിക്കുന്നതിൽ വിശ്വസിക്കുന്ന പരിശീലകനാണ് താനെന്നും, എന്നാൽ പ്രതീക്ഷയ്ക്കൊത്ത് കളിക്കാൻ പരാജയപ്പെടുന്ന താരങ്ങളെ ടീമിൽ നിന്ന്‌ മാറ്റാൻ തനിക്ക് മടിയില്ലെന്നും ഷട്ടോറി പറയുന്നു. ഡച്ച് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ, ” പരിക്ക് മൂലം ഞങ്ങൾക്ക്‌ സന്ദേശിനെ (ജിങ്കൻ) നഷ്ടപ്പെട്ടു. മറ്റ് ചിലർക്കും പരിക്കുണ്ട്. ഞാൻ ടീമിൽ ഒത്തിരി മാറ്റങ്ങൾ കൊണ്ട് വരില്ല, എന്നാൽ നന്നായി കളിക്കാത്തവരെ ടീമിൽ നിന്ന് മാറ്റും.” ഷട്ടോറി പറഞ്ഞുനിർത്തി.

ഇത്തവണ‌ ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ ആരെന്ന കാര്യവും ഇന്നത്തെ പത്രസമ്മേളനത്തിൽ ഷട്ടോറി വെളിപ്പെടുത്തി‌. മലയാളി താരം ടിപി രഹനേഷിനെയാണ് ടീമിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായി പരിശീലകൻ ചൂണ്ടിക്കാട്ടുന്നത്. ” ടിപി രഹനേഷാണ് ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ. മികച്ച ഗോൾകീപ്പിംഗ് കോച്ചാണ് ഞങ്ങൾക്കൊപ്പമുള്ളത്. സാധാരണ ഗോൾകീപ്പർമാർക്ക് മികച്ച പരിശീലകരെ ലഭിക്കാറില്ല. ഗോൾകീപ്പർമാരെ പലരും വിമർശിക്കുന്നത് താൻ കാണാറുണ്ട്. നമ്മുടെ ഗോൾകീപ്പർമാർക്ക് അല്പം സമയം കൊടുക്കൂ. അവർക്ക് പിന്തുണയും സമയവും ആവശ്യമാണ്.” ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.