SHARE

ഐഎസ്എല്‍ സീസണ്‍ അഞ്ചില്‍ വിജയത്തോടെ തുടങ്ങിയെങ്കിലും പിന്നീട് മോശം പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റേത്. തുടര്‍ തോല്‍വികള്‍ക്കിടയില്‍ ബെംഗളൂരു എഫ്‌സിയോട് അവസാന ഹോം മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തു. കോച്ച് ഡേവിഡ് ജെയിംസിന്റെ പരീക്ഷണങ്ങളാണ് ടീമിനെ പ്രതിസന്ധിയിലാക്കിയതെന്ന കുറ്റപ്പെടുത്തലുകളും ഉയരുന്നുണ്ട്.

ദേശീയ ടീമിന്റെ നട്ടെല്ലായ അനസ് എടത്തൊടികയെ ഒരു കളിയില്‍ പോലും കളത്തിലിറക്കാന്‍ കോച്ച് തയാറായിരിനുന്നില്ല. ഐ.എം. വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരേ രംഗത്തു വന്നിരുന്നു. മത്സരഫലത്തിനാകണം പ്രാധാന്യം നല്‌കേണ്ടതെന്നും പരീക്ഷണങ്ങള്‍ക്ക് ലീഗില്‍ അടിസ്ഥാനമില്ലെന്നും ടീം മാനേജ്‌മെന്റ് ജെയിംസിനെ അറിയിച്ചതായി പേരുവെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ബ്ലാസ്‌റ്റേഴ്‌സ് ക്യാംപിലെ ഒരംഗം സ്‌പോര്‍ട്‌സ്മലയാളംഡോട്ട്‌കോമിനോട് വെളിപ്പെടുത്തി. ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്തകള്‍ പ്രകാരം അടുത്ത മത്സരത്തില്‍ അനസിനെ ആദ്യ ഇലവനില്‍ ഉള്‍പ്പടുത്തും. ടീമില്‍ മറ്റു മാറ്റങ്ങളും പ്രതീക്ഷിക്കാം.

ബെംഗളൂരുവിനെതിരായ മത്സരത്തിലെ തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് ക്യാംപിലും ജെയിംസിന്റെ രീതികള്‍ക്കെതിരേ ചെറിയരീതിയില്‍ അസ്വസ്ഥത ഉയരുന്നുണ്ട്. ടീമിന്റെ പ്രകടനവും ആരാധകരുടെ വികാരവും മാനേജ്‌മെന്റും നിരന്തരം നിരീക്ഷിക്കുണ്ട്. അതുകൊണ്ട് തന്നെ ജെയിംസിന്റെ നിലനില്പിന് നിര്‍ണായകമാകും വരും മത്സരങ്ങള്‍. ഞായറാഴ്ച്ച ശക്തരായ ഗോവയ്‌ക്കെതിരേയാണ് മഞ്ഞപ്പടയുടെ അടുത്ത മത്സരം.