കേരള ബ്ലാസ്റ്റേഴ്സ് നായകന് ജിങ്കന് പിന്നാലെ കൂടുതല്‍ താരങ്ങള്‍ക്കെതിരെ ആരോപണവുമായി മുന്‍ കോച്ചിംഗ് സ്റ്റാഫ് അംഗം. ജിങ്കനൊപ്പം, മിലന് സിംഗും, ജാക്കിചന്ദും, സിയാം ഹംഗലും മദ്യപിച്ചിരുന്നുവെന്നാണ് പുതിയ ആരോപണം. സ്പോര്‍ട്സ് കീഡയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നേരത്തെ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനെതിരെ പുറത്താക്കപ്പെട്ട കോച്ച് റെനെ മ്യൂളന്സ്റ്റീന് ആരോപണവുമായി രംഗത്ത് വന്നിരുന്നു. ഗോവയ്ക്കെതിരായ മത്സരം തോറ്റിട്ടും ബ്ലാസ്റ്റേഴ്സ് നായകന് മദ്യപിച്ച് ആഘോഷിക്കുകയായിരുന്നു എന്നായിരുന്നു ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെ ജിങ്കൻ തന്നെ പൊളിച്ചടുക്കുകയും ചെയ്തു.
തനിക്ക് റെനെയോട് ഇപ്പോഴും ബഹുമാനമാണെന്നും എന്നാല്‍ തനിക്കെതിരെ ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണം ഉന്നയിച്ച്, തന്റെ മുന്നില്‍ വന്നു നില്ക്കാന് ഇനി റെനെയ്ക്ക് ധൈര്യമുണ്ടോ എന്നായിരുന്നു ജിങ്കന്റെ ചോദ്യം.
ഈ വിവാദങ്ങളടങ്ങിയ സാഹചര്യത്തിലാണ് മുന്‍ കോച്ചിംഗ് സ്റ്റാഫിന്റെ ആരോപണങ്ങള്‍ ജിങ്കനുമായി അഭിമുഖം നടത്തിയ സ്പോര്‍ട്സ് കീഡ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സന്ദേശ് ജിങ്കന്, മാത്രമല്ല, മറ്റ് താരങ്ങളും മത്സരങ്ങള്‍ക്ക് മുമ്പും ശേഷവും ആഘോഷങ്ങളിലായിരുന്നുവെന്നാണ് ആരോപണം.
പ്രധാനമായും ബെംഗളുരു എഫ് സിയുമായും ഗോവയുമായും നടന്ന മത്സരത്തിനിടെയാണ് താരങ്ങള്‍ ഇത്തരത്തില്‍ പെരുമാറിയതെന്നാണ് ആരോപണത്തില്‍ ഉന്നയിക്കുന്നത്. നിലവില്‍ ലീഗിൽ 14 കളികളില്‍ നിന്ന് 20 പോയന്റോടെ അഞ്ചാം സ്ഥാനത്താണ്. അത് കൊണ്ട് സെമിഫൈനൽ യോഗ്യത ഉറപ്പാക്കാൻ ആരോപണങ്ങളുടെയെല്ലാം മുനയൊടിച്ച് ബ്ലാസ്റ്റേഴ്സ് മുന്നേറേണ്ടതുണ്ട്.