SHARE

ജനുവരി ട്രാന്‍സ്ഫറില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കനെ വാങ്ങാനുള്ള എടികെ കൊല്‍ക്കത്തയുടെ ശ്രമങ്ങള്‍ക്ക് ദയനീയ പരിസമാപ്തി. കോടികള്‍ ഓഫര്‍ ചെയ്‌തെങ്കിലും സൂപ്പര്‍താരത്തെ വിട്ടുകളയാന്‍ ഒരുക്കമല്ലെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് കൊല്‍ക്കത്ത ടീമിനെ അറിയിക്കുകയായിരുന്നു. ഏഷ്യ കപ്പില്‍ മികച്ച പ്രകടനം നടത്തിയ ജിങ്കന്റെ താരമൂല്യം ഉയര്‍ന്നതും മുന്‍തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കാന്‍ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചു.

ചില ഏഷ്യന്‍ ടീമുകള്‍ ജിങ്കനില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ കൈയിലുള്ള ജിങ്കനെ വിട്ടുകളയുന്നത് ബ്ലാസ്‌റ്റേഴ്‌സിന് കളിയിലും ബിസിനസിലും നഷ്ടക്കച്ചവടമാണ്. എടികെയുടെ വാഗ്ദാനത്തോട് ആദ്യഘട്ടത്തില്‍ അനുകൂലമായി പ്രതികരിച്ച ബ്ലാസ്റ്റേഴ്‌സ് തീരുമാനം മാറ്റിയതിനു പിന്നിലും ഇതുതന്നെ കാരണം. ഈ മാസം 25നാണ് ഐഎസ്എല്‍ രണ്ടാംഘട്ടം ആരംഭിക്കുന്നത്.

എഎഫ്‌സി ഏഷ്യന്‍ കപ്പിന്റെ ആദ്യ റൗണ്ടില്‍ പുറത്തായെങ്കിലും മികച്ച പ്രകടനമായിരുന്നു ഇന്ത്യന്‍ പ്രതിരോധനിര ടൂര്‍ണമെന്റില്‍ കാഴ്ച വെച്ചത്. പ്രത്യേകിച്ച് ജിങ്കന്‍. താരത്തിന്റെ പ്രകടനത്തില്‍ സംതൃപ്തരായ ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ക്ലബ്ബ് അല്‍ ഗറാഫ എസ്‌സിയാണ് ജിങ്കനെ സ്വന്തമാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച വിദേശ ക്ലബ്. ജിങ്കന്റെ ഏഷ്യന്‍ കപ്പിലെ പ്രകടനം ക്ലബ്ബിനെ ആകര്‍ഷിച്ച് കഴിഞ്ഞെന്നും താരത്തെ ടീമിലെത്തിക്കുക അവരുടെ പദ്ധതികളിലുണ്ടെന്നും ഫോക്‌സ് സ്‌പോര്‍ട്‌സ് ഏഷ്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.