SHARE

ഐഎസ്എല്ലിനു മുന്നോടിയായി രണ്ടാംഘട്ട ഒരുക്കങ്ങള്‍ക്കായി കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ തായ്‌ലന്‍ഡിലാണ്. 20 ദിവസത്തോളം നീളുന്ന പ്രീസീസണില്‍ തായ്‌ലന്‍ഡ് ലീഗില്‍ കളിക്കുന്ന മുന്‍നിര ക്ലബുകളുമായി മഞ്ഞപ്പട പരിശീലന മത്സരങ്ങളും കളിക്കും. നിലവില്‍ ഫിഫ റാങ്കിംഗില്‍ തായ്‌ലന്‍ഡിന്റെ സ്ഥാനം 122 ആണ്. ഇന്ത്യയാകട്ടെ 96മതും. എന്നാല്‍ ടിവണ്‍ എന്നറിയപ്പെടുന്ന തായ്‌ലന്‍ഡ് ലീഗ് വണ്‍ താരതമ്യേന ശക്തരായ ടീമുകള്‍ അണിനിരക്കുന്ന ലീഗാണ്. 1996ലാണ് തായ് ലീഗ് വണ്‍ തുടങ്ങുന്നത്. അതിനുശേഷം തായ്‌ലന്‍ഡ് ഫുട്‌ബോളിന് കാര്യമായ ഉയര്‍ച്ചയുണ്ടായി.

ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ ആര്‍ക്കെതിരേ എന്ന കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ബുധനാഴ്ച വരെ ഉണ്ടായിട്ടില്ലെങ്കിലും മുന്‍നിര ക്ലബുകളുമായി മത്സരിക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. തായ് ലീഗിലെ ശക്തരായ ബുറിയം യുണൈറ്റഡ് എഫ്‌സിയുമായി ബ്ലാസ്റ്റേഴ്‌സ് മത്സരിക്കുമെന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്. ലീഗ് വണ്ണിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നാണ് ബുറിയം. കഴിഞ്ഞ സീസണില്‍ കിരീടം നേടിയ ടീമാണത്. 22 വര്‍ഷത്തിനിടെ ആറു കിരീടങ്ങള്‍ നേടാന്‍ ബുറിയത്തിനായിട്ടുണ്ട്.

ബാങ്കോക്ക് ഗ്ലാസ്, ബാങ്കോക്ക് യുണൈറ്റഡ് തുടങ്ങി തായ്‌ലന്‍ഡിലെ ജനപ്രിയ ക്ലബുകളുമായും ബ്ലാസ്റ്റേഴ്‌സ് മത്സരിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാംഘട്ട പ്രീസീസണ്‍ മത്സരങ്ങളാണ് നടക്കാന്‍ പോകുന്നത്. ആദ്യഘട്ടം കൊച്ചിയില്‍ കഴിഞ്ഞിരുന്നു. ലാ ലിഗ ടീമായ ജിറോണ, ഓസ്‌ട്രേലിയത്തില്‍ നിന്നുള്ള മെല്‍ബണ്‍ സിറ്റി എന്നീ ടീമുകള്‍ പങ്കെടുത്തിരുന്നു. മുന്‍പും കേരള ബ്ലാസ്റ്റേഴ്‌സ് തായ്‌ലന്‍ഡില്‍ പര്യടനം നടത്തിയിരുന്നു. 2016ലായിരുന്നു അത്. അന്ന് സ്റ്റീവ് കോപ്പലായിരുന്നു പരിശീലകന്‍. മൂന്ന് പരിശീലന മത്സരങ്ങളില്‍ രണ്ടിലും ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു. ഒരെണ്ണം സമനിലയില്‍ കലാശിച്ചു.