SHARE

ചെന്നൈയൻ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ സംഭവിച്ച പരിക്കിനെത്തുടർന്ന്‌ 2020-21 സീസൺ ഐ എസ് എല്ലിൽ നിന്ന് പുറത്തായ തങ്ങളുടെ മധ്യനിര സൂപ്പർ താരം സെർജിയോ സിഡോഞ്ചയ്ക്ക് പകരക്കാരനെ കണ്ടെത്തി കേരളാ ബ്ലാസ്റ്റേഴ്സ്‌. സിഡോയ്ക്ക് പകരക്കാരനെ ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയെന്നും, ഈ താരത്തിന്റെ വൈദ്യപരിശോധന നടന്നു കൊണ്ടിരിക്കുകയാണെന്നും പ്രശസ്ത മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുലാവോയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മെഡിക്കൽ പരിശോധനയ്ക്ക് ശേഷമാകും ഈ താരത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് അടുത്ത നീക്കം നടത്തുക. എന്നാൽ ജനുവരിയിലെ രണ്ടാം ആഴ്ച വരെ താരം ബ്ലാസ്റ്റേഴ്സിന് ലഭ്യമാകില്ലെന്നും മെർഗുലാവോ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം നേരത്തെ ചെന്നൈയിൻ എഫ് സിക്കെതിരായ മത്സരത്തിനിടെ സിഡോയുടെ കണ്ണങ്കാലിനായിരുന്നു പരിക്കേറ്റത്. തുടർന്ന് നടത്തിയ പരിശോധനകളിലാണ് താരത്തിന് ദീർഘനാൾ പുറത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പായത്. ഇതോടെ നാട്ടിലേക്ക് മടങ്ങിയ സിഡോ കഴിഞ്ഞ ദിവസം ശസ്ത്രക്രിയ യ്ക്ക് വിധേയനായിരുന്നു.