SHARE

തങ്ങളുടെ മുഖ്യ പരിശീലകൻ കിബു വിക്കൂനയെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കി കേരളാ ബ്ലാസ്റ്റേഴ്സ്. 2020-21 സീസൺ ഐ എസ് എല്ലിലെ ടീമിന്റെ ദയനീയ പ്രകടനങ്ങളാണ് പരിശീലക സ്ഥാനത്ത് നിന്ന് കിബുവിന്റെ സ്ഥാനം തെറിപ്പിച്ചിരിക്കുന്നത്. ഹൈദരാബാദ് എഫ് സിക്കെതിരെ നടന്ന ഐ എസ് എൽ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് മറുപടിയില്ലാത്ത 4 ഗോളിന്റെ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് വിക്കൂനയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചത്. ഗോൾ ഡോട്ട് കോമാണ് ഇപ്പോൾ ഇക്കാര്യം പുറത്ത് വിട്ടത്.

കഴിഞ്ഞ സീസൺ ഐ ലീഗിൽ മോഹൻ ബഗാനെ കിരീട വിജയത്തിലേക്ക് നയിച്ച കിബു വിക്കൂനയെ ഏഴാം സീസൺ ഐ എസ് എല്ലിന് മുന്നോടിയായാണ് കേരളാ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ മുഖ്യ പരിശീലകനായി നിയമിച്ചത്. എന്നാൽ സീസണിൽ ടീമിനെ മികച്ച മത്സരഫലങ്ങളിലേക്ക് നയിക്കുന്നതിൽ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. 2020-21 സീസൺ ഐ എസ് എല്ലിൽ 18 മത്സരങ്ങളിൽ നിന്ന് 3 വിജയങ്ങൾ മാത്രം നേടാനായ ബ്ലാസ്റ്റേഴ്സ് 16 പോയിന്റുകളുമായി, പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്ത് നിൽക്കുമ്പോളാണ് വിക്കൂനയ്ക്ക് ടീമിന് പുറത്തേക്ക് പോകേണ്ടി‌ വന്നിരിക്കുന്നത്.