SHARE

കേരളാ‌ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ തന്നെ ബ്ലാസ്റ്റേഴ്സിന്റെ മെസ്യുട്ട് ഓസിലെന്ന് വിളിക്കുന്നത് വലിയ ബഹുമതിയായി കാണുന്നെന്ന് ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർ താരം സഹൽ അബ്ദുൾ സമദ്. കഴിഞ്ഞ ദിവസം സ്പോർട്സ് കീഡയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ മനസ് തുറക്കുകയായിരുന്നു അദ്ദേഹം. ആഴ്സനലിന്റെ ജെർമ്മൻ സൂപ്പർ താരം ഓസിലിന്റേതിന് സമാനമായ കളി‌ശൈലിയാണ്‌ സഹലിന്റേതെന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.

“കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർ തന്നെ ഓസിലെന്ന് വിളിക്കുന്നു. കേൾക്കാൻ എന്ത്‌രസമുള്ള കാര്യമാണിത്. ഇത് പോലൊരു പോസിറ്റീവ് കമന്റ് കാണുമ്പോൾ ടീമിന് വേണ്ടി കൂടുതൽ മികവ് പുറത്തെടുക്കാനുള്ള ആത്മവിശ്വാസം തനിക്ക് ലഭിക്കും”. സഹൽ പറയുന്നു.

ടീമിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പടയെക്കുറിച്ച് പറയുമ്പോളും സഹലിന് നൂറുനാവ്. ” ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിക്കുന്ന മഞ്ഞപ്പട കേരളത്തിന്റെ കരുത്താണ്. അങ്ങനെയുള്ളൊരു ആരാധക്കൂട്ടം ഒരിക്കലും കളികാരെ വേദനിപ്പിക്കില്ല. നിങ്ങൾ എപ്പോളും പിന്തുണയ്ക്കുന്ന‌ പോലെ ഇനിയും പിന്തുണയ്ക്കണം. മഞ്ഞപ്പടയുടെ പിന്തുണയും, പ്രാർത്ഥനയുമാണ് തങ്ങളുടെ കരുത്ത്. നമ്മുടെ ആരാധകർ വളരെ ഉത്സാഹമുള്ളവരാണ്. ടീം മത്സരത്തിൽ പരാജയപ്പെട്ടാലും അവർ നമ്മുടെ കൂടെയുണ്ടാവും”. സഹൽ പറഞ്ഞുനിർത്തി.