SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബുകളുടെ പ്രതിഫല കണക്കുകള്‍ പുറത്തുവന്നു. ശമ്പള ഇനത്തില്‍ ക്ലബുകള്‍ നല്കുന്ന തുകയും താരങ്ങള്‍ വാങ്ങുന്ന പ്രതിഫലവുമാണ് സംഘാടകര്‍ പുറത്തുവിട്ടത്. കേരള ബ്ലാസ്‌റ്റേഴ്‌സ് 14.1 കോടി രൂപ താരങ്ങളുടെ പ്രതിഫലത്തിന് മാത്രമായി നീക്കിവയ്ക്കുന്നു. മൊത്തം ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.

മലയാളി താരം സി.കെ. വിനീതാണ് ബ്ലാസ്റ്റേഴ്‌സില്‍ കൂടുതല്‍ പ്രതിഫലം പറ്റുന്ന താരം. രണ്ടുകോടി രൂപയാണ് വിനീതിന്റെ വാര്‍ഷിക പ്രതിഫലം. രണ്ടാംസ്ഥാനത്തുള്ളത് നാലു താരങ്ങളാണ്. ക്യാപ്റ്റന്‍ സന്ദേശ് ജിംഗന്‍, അനസ് എടത്തൊടിക, സ്റ്റോജനോവിക്, മറ്റേജ് പോപ്റ്റാനിക് എന്നിവര്‍. ഇവര്‍ക്ക് ഓരോ കോടി രൂപവീതം. എട്ടുതാരങ്ങള്‍ 60 ലക്ഷത്തിനും 85 ലക്ഷത്തിനുമിടയ്ക്ക് പ്രതിഫലം വാങ്ങുന്നു. സിറില്‍ കാലിയും ഇവരില്‍ പെടുന്നു.

യുവതാരങ്ങളില്‍ ഏഴുപേര്‍ പത്തുലക്ഷത്തില്‍ താഴെ പ്രതിഫലം വാങ്ങുന്നവരാണ്. കഴിഞ്ഞ സീസണില്‍ ഒരു മത്സരം പോലും കളിക്കാതിരുന്ന അജിത്ത് ശിവന് നല്കിയിരുന്നത് അഞ്ചുലക്ഷം രൂപയായിരുന്നു. കോച്ചിംഗ് സ്റ്റാഫിലെ അംഗങ്ങളുടെ പ്രതിഫലം പുറത്തുവിട്ടിട്ടില്ല. ശമ്പള ഇനത്തില്‍ കോടികള്‍ മുടക്കുന്ന ക്ലബുകളില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.