SHARE

2020-21 സീസൺ ഐലീഗ് കിരീടം സ്വന്തമാക്കിയ ഗോകുലം കേരള എഫ് സി യുടെ താരമായ‌ യുവ വിംഗർ വിൻസി ബാരറ്റോയെ റാഞ്ചാനൊരുങ്ങി ഐ എസ് എൽ ടീമായ കേരളാ ബ്ലാസ്റ്റേഴ്സ്. ഗോകുലത്തിന്റെ ഐലീഗ് നേട്ടത്തിന് പിന്നിൽ നിർണായക പങ്ക് വഹിച്ച ബാരറ്റോ ക്ലബ്ബ് വിട്ട് ബ്ലാസ്റ്റേഴ്സിലേക്ക് പോകുമെന്നും, ഇതിനായി ഗോകുലത്തിന് ഐ എസ് എൽ ടീം ട്രാൻസ്ഫർ ഫീ നൽകുമെന്നും ഖേൽ നൗ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ബാരറ്റോക്കായി കേരളാ ബ്ലാസ്റ്റേഴ്സ് മുടക്കുന്ന തുക എത്രയാണെന്ന‌ വിവരം ഇതു വരെ പുറത്ത് വന്നിട്ടില്ല.

കഴിഞ്ഞ വർഷം ഐ എസ് എൽ ടീമായ എഫ് സി ഗോവയുടെ റിസർവ്വ് ടീമിൽ നിന്ന് ഗോകുലം കേരളയിലെത്തിയ താരമാണ് വിൻസി ബാരറ്റോ. പോയ‌ സീസൺ ഐ ലീഗിൽ ഗോകുലത്തിനായി 13 മത്സരങ്ങളിൽ കളിക്കാനിറങ്ങിയ താരം, ശ്രദ്ധേയ പ്രകടനമാണ് ടീമിനായി പുറത്തെടുത്തത്. വിംഗ് ബാക്ക് മുതൽ സ്ട്രൈക്കർ സ്ഥാനത്ത് വരെ കളിക്കാൻ മികവുള്ള ബാരറ്റോ വേഗതയ്ക്കും പേരുകേട്ട താരമാണ്. ഇരുപത്തിയൊന്നുവയസ് മാത്രം പ്രായമുള്ള ബാരറ്റോയെ ടീമിലെത്തിക്കുന്നത് അത് കൊണ്ടു തന്നെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മികച്ച നീക്കങ്ങളിൽ ഒന്നായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.