SHARE

ഇന്ത്യൻ ആരോസ് ഗോൾകീപ്പർ ലവ് പ്രീത് സിംഗിനെ ടീമിലെത്തിക്കാനൊരുങ്ങി ഐ എസ് എൽ ടീമായ കേരളാ ബ്ലാസ്റ്റേഴ്സ്. അടുത്ത സീസണ് മുന്നോടിയായി ടീമിന്റെ യുവ നിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ യുവ ഗോൾകീപ്പറെ കേരളാ ടീം നോട്ടമിട്ടിരിക്കുന്നത്. റിയൽ കാശ്മീരിനെതിരെ ഈ വർഷം ഫെബ്രുവരി 24 ന് നടന്ന മത്സരത്തിൽ കളിച്ച് ഐ ലീഗ് അരങ്ങേറ്റം കുറിച്ച ലവ്പ്രീത്, കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഇന്ത്യൻ ആരോസിന്റെ താരമാണ്.

ഉയരമാണ് ലവ്പ്രീത് സിംഗിന്റെ ഏറ്റവും വലിയ പ്രത്യേകത. 195 സെന്റിമീറ്റർ ഉയരക്കാരനായ ലവ്പ്രീത്, ഐ ലീഗിലേയും, ഐ എസ് എല്ലിലേയും ഗോൾകീപ്പർമാരിൽ വെച്ചേറ്റവും പൊക്കമുള്ള രണ്ടാമത്തെ ഗോളിയാണ്. ബെംഗളൂരു എഫ് സി യുടെ ഗുർപ്രീത്‌ സന്ധു മാത്രമാണ് ഐ എസ് എല്ലും, ഐലീഗുംകളിക്കുന്ന ഗോൾകീപ്പർമാരിൽ ഉയരത്തിന്റെ കാര്യത്തിൽ ലവ്പ്രീതിനേക്കാൾ മുന്നിലുള്ളത്.

ലവ്പ്രീത് സിംഗിനെ ടീമിലെത്തിക്കാനുള്ള തീരുമാനം ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ മികച്ച നീക്കങ്ങളിലൊന്നായിട്ടാണ് കരുതപ്പെടുന്നത്. നേരത്തെ ഈ‌സീസൺ അവസാനിച്ചതിന് പിന്നാലെ ജീക്സൺ സിംഗ്, രാഹുൽ കെ പി, ന്യോറം എന്നിവരേയും ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരുന്നു.