ഐഎസ്എല്‍ സീസണില്‍ ഇതുവരെ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ സാധിക്കാത്ത കേരള ബ്ലാസ്റ്റേഴ്സ് ടീമില്‍ അഴിച്ചുപണിക്ക് ഒരുങ്ങുന്നു. പരിക്കിന്റെ പിടിയിലുള്ള ചില താരങ്ങളെ ഒഴിവാക്കിയും വിദേശ താരത്തെ ടീമിലെത്തിച്ചും ജനുവരിയിലെ ട്രാന്‍സ്ഫറില്‍ ടീമിന് പുതിയമുഖം നല്‍കാനുള്ള ഒരുക്കത്തിലാണ് ടീം മാനേജ്മെന്റ്. ജെംഷഡ്പൂര്‍ എഫ്സിക്കെതിരായ മത്സരത്തിനു മുമ്പുള്ള പത്രസമ്മേളനത്തില്‍ കോച്ച് ഡേവിഡ് ജെയിംസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചില താരങ്ങള്‍ പരിക്കിന്റെ പിടിയിലാണെന്നും ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നും ജെയിംസ് പറയുന്നു. ഒരു വിദേശ താരവുമായി ക്ലബ് മാനേജ്മെന്റ് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന സൂചനകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. അതേസമയം ഏതാണ് താരമെന്ന കാര്യത്തില്‍ വ്യക്തമായൊന്നും ജെയിംസ് പറഞ്ഞിട്ടില്ല. ഡിസംബര്‍ പകുതി കഴിയുമ്പോള്‍ ഈ താരം ടീമിനൊപ്പം ചേരുമെന്നാണ് സൂചന. ജനുവരിയിലാണ് ട്രാന്‍സ്ഫര്‍ വിന്ഡോയെങ്കിലും നേരത്തെ ടീമിനൊപ്പം ചേരുന്നതിന് നിയമതടസമില്ല.
അതേസമയം ജെംഷഡ്പൂരിനെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള ആരാധകരുടെ നീക്കങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് പരിശീലകന് പറയുന്നത്. അത്തരത്തില്‍ ഒരുകാര്യം അറിയില്ല. അതുകൊണ്ട് തന്നെ പ്രതികരിക്കാനില്ല. ആരാധകരെ സന്തോഷിപ്പിക്കാന്‍ തന്നെയാണ് ഓരോ മത്സരത്തിലും കളത്തിലിറങ്ങുന്നതെന്നും ജെയിംസ് വ്യക്തമാക്കി.