SHARE

അടുത്ത സീസണ് മുന്നോടിയായി രണ്ട് വിദേശ താരങ്ങളെക്കൂടി സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്. ഇംഗ്ലണ്ട് മുന്നേറ്റ താരം ഗാരി ഹൂപ്പർ, സിംബാബ്‌വെ പ്രതിരോധ താരം കോസ്റ്റ എൻഹമോയിൻസു എന്നിവരുമായി ടീം കരാറിലെത്തിയ വിവരം ഖേൽനൗവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ മികച്ച സൈനിംഗുകളായാണ് ഇതിനെ വിദഗ്ധർ വിലയിരുത്തുന്നത്. ഒരു വർഷ കരാറിലാണ് ഈ രണ്ട് പേരും മഞ്ഞക്കുപ്പായത്തിലേക്കെത്തുന്നത്.

സിംബാബ്‌വെ പ്രതിരോധ താരമായ കോസ്റ്റ എൻഹമൊയിൻസു, പോളണ്ട് ക്ലബ്ബായ സാഗ്ലബി ലുബിനിൽ കളിച്ച് കൊണ്ടിരിക്കുമ്പോൾ ഇപ്പോളത്തെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വിക്കൂന അവിടെ സഹപരിശീലകനായി ഉണ്ടായിരുന്നു. വിക്കൂനയുടെ പ്രത്യേക താല്പര്യപ്രകാരമാണ് അദ്ദേഹത്തെ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചെക്ക് ക്ലബ്ബായ എ സി സ്പാർട്ട പ്രാഗിന് വേണ്ടി കഴിഞ്ഞ 7 സീസണുകളിൽ കളിച്ച താരം, യുവേഫ ചാമ്പ്യൻസ് ലീഗിലും, യൂറോപ്പ ലീഗിലുമായി 40 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

2019-20 സീസണിലെ ഓസ്ട്രേലിയ‌ൻ എ ലീഗിൽ വെല്ലിംഗ്ടൺ ഫീനിക്സിനായി മിന്നും പ്രകടനം കാഴ്ച വെച്ച താരമാണ് ഗാരി ഹൂപ്പർ. സീസണിൽ കളിച്ച 21 മത്സരങ്ങളിൽ നിന്ന് 8 ഗോളുകളും 5 അസിസ്റ്റുകളും നേടിയ താരം‌ ടീമിനെ എ ലീഗിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. എ ലീഗിൽ പുറത്തെടുത്ത മിന്നും പ്രകടനമാണ് ഹൂപ്പറിൽ ബ്ലാസ്റ്റേഴ്സിന്റെ കണ്ണുടക്കാൻ പ്രധാന കാരണവും.

2003 ൽ ഗ്രേയ്സ് അത്ലറ്റിക്കിലൂടെ സീനിയർ കരിയർ ആരംഭിച്ച ഹൂപ്പർ, 2010 മുതൽ 2013 വരെ സ്കോട്ടിഷ് സൂപ്പർ ക്ലബ്ബായ സെൽറ്റിക്കിന്റെ താരമായിരുന്നു‌‌. അവർക്ക് വേണ്ടി 130 മത്സരങ്ങൾ കളിച്ച താരം 80 ഗോളുകളും 30 അസിസ്റ്റുകളും ഇത്രയും മത്സരങ്ങളിൽ നിന്ന് സ്വന്തമാക്കി. സെൽറ്റിക്ക് വിട്ടതിന് ശേഷം പ്രീമിയർ ലീഗ് ക്ലബ്ബായ നോർവിച്ച് സിറ്റിയിലേക്ക് പോയ ഹൂപ്പർ, അവർക്കായി 3 സീസണുകളിൽ കളിച്ചു.