SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്ര മികച്ച റെക്കോര്‍ഡ് ഒന്നുമല്ല കേരള ബ്ലാസ്‌റ്റേഴ്‌സിന് അയല്‍ക്കാരായ ചെന്നൈയിന്‍ എഫ് സിയോട്. എന്നാല്‍ പ്രതീക്ഷകള്‍ ബാക്കി നില്‍ക്കുന്നത് ചില നിര്‍ണ്ണായക മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിനെതിരെ ശക്തമായ പോരാട്ടം കാഴ്ച്ച വെച്ചു എന്നത് കൊണ്ട് മാത്രമാണ്.

കഴിഞ്ഞ സീസണിലെ ചരിത്രം ഇത്തവണ ചെന്നൈയിനുമായി ആവര്‍ത്തിക്കുമോയെന്നാണ് ഇപ്പാള്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ചിന്തിക്കുന്നത്. 2016ലെ മൂന്നാം സീസണിൽ ഇരുടീമുകളും തമ്മില്‍ നടന്ന എവേ മത്സരം സമനിലയില്‍ കലാശിച്ചു. എന്നാല്‍ കൊച്ചിയിലെത്തിയപ്പോള്‍ കളി മാറി. സി കെ വിനീതിന്റെ ഇരട്ട ഗോളുകളുടെ കരുത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് 3-1ന് ചെന്നൈയിനെ പരാജയപ്പെടുത്തി.

ഇത്തവണയും നേരത്തെ നടന്ന എവേ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിനെ സമനിലയില്‍ തളച്ചിരുന്നു. 89ാം മിനുട്ടില്‍ റഫറിയുടെ തെറ്റായ തീരുമാനത്തിലൂടെ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി ചെന്നൈയിന്‍ മത്സരത്തില്‍ മുന്നിലെത്തി. എന്നാല്‍ കളി തീരാന്‍ അല്‍പ്പസമയം മാത്രം അവശേഷിക്കുമ്പോള്‍ ഗോള്‍ നേടി വിനീത് ബ്ലാസ്റ്റേഴ്‌സിനായി സമനില പിടിച്ചു വാങ്ങി.

ഇരു ടീമുകളും തമ്മില്‍ 9 തവണ ഏറ്റുമുട്ടിയപ്പോള്‍ മുന്‍ തൂക്കം ചെന്നൈയിന് തന്നെയാണ്. അവര്‍ നാലു മത്സരം വിജയിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ടെണ്ണം വിജയിച്ചു. 3 കളികള്‍ സമനിലയില്‍ അവസാനിച്ചു. 2014ലെ ആദ്യ സീസണില്‍ ഇരുവരും തമ്മില്‍ നടന്ന രണ്ടു ലീഗ് ഘട്ട മത്സരങ്ങളിലും ചെന്നൈയിന്‍ വിജയിച്ചു. അവരുടെ നാട്ടില്‍ 2-1നും കൊച്ചിയില്‍ 1-0നുമാണ് ചെന്നൈയിന്‍ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്.

എന്നാല്‍ സെമിഫൈനലില്‍ ഇരുവരും നേരിട്ടപ്പോള്‍ കൊച്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് 3-0ന് ചെന്നൈയിനെ തകര്‍ത്തു. ഇഷ്ഫാഖ് അഹമ്മദും സുഷാന്ത് മാത്യൂവും ഇയാന്‍ ഹ്യൂമുമാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്. രണ്ടാം പാദത്തിന്റെ നിശ്ചിത സമയത്ത് ചെന്നൈയിന്‍ എതിരില്ലാത്ത മൂന്നു ഗോള്‍ നേടി ഒപ്പമെത്തിയെങ്കിലും 117ാം മിനുട്ടില്‍ സ്റ്റീഫന്‍ പിയേഴ്‌സണ്‍ നേടിയ ഗോളില്‍ ബ്ലാസ്‌റ്റേഴസ് വിജയം കൈവരിച്ചു.

 

അങ്ങനെ ഇരുപാദങ്ങളിലുമായി 4-3ന് വിജയിച്ച ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ കൊല്‍ക്കത്തയോട് പരാജയപ്പെട്ടു. രണ്ടാം സീസണില്‍ ബ്ലാസ്റ്റേഴ്‌സ് അത്ര മികച്ച പ്രകടനമല്ല കാഴ്ച്ച വെച്ചത്. ചെന്നൈയിനെതിരെ എവേ മത്സരത്തില്‍ 4-1 തകര്‍ന്നടിഞ്ഞപ്പോള്‍ ഹോം മത്സരം 1-1 ന് സമനിലയില്‍ കലാശിച്ചു. ഇത്തവണ 16 കളികളില്‍ നിന്ന് 24 പോയന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിനുമായി പരാജയപ്പെട്ടാല്‍ സെമിഫൈനല്‍ കാണാതെ പുറത്താവുമെന്ന് ഉറപ്പാണ്.

പ്ലേ ഓഫ് ഉറപ്പിക്കാന്‍ ചെന്നൈയിനും വിജയം അനിവാര്യമാണ്. അത് കൊണ്ട് തന്നെ ഇരുടീമുകളും വിജയത്തിനായി മാത്രം പൊരുതുമ്പോള്‍ മത്സരം ആവേശമാവും. നിലവില്‍ 16 കളികളില്‍ നിന്ന് 28 പോയന്റോടെ ചെന്നൈ മൂന്നാം സ്ഥാനത്താണ്. 23നാണ് ആവേശകരമായ ദക്ഷിണേന്ത്യന്‍ ഡെര്‍ബി കൊച്ചിയില്‍ വെച്ച് അരങ്ങേറുന്നത്.