SHARE

കൊച്ചിയിൽ നടക്കുന്ന ടൊയോട്ടാ യാരിസ് ലാലിഗ പ്രീ സീസൺ മത്സരത്തിൻ്റെ ആദ്യ പകുതിയിൽ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ ജിറോണാ എഫ് സി ഒരു ഗോളിന് മുന്നിൽ പ്രതിരോധതാരം എറിക് മോണ്ടസാണ് ജിറോണക്ക് വേണ്ടി ഗോൾ നേടിയത്. ആദ്യ പകുതിയുടെ അവസാന നിമിഷം വരെ പിടിച്ചുനിന്നതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങിയത്.

കൊച്ചിയിൽ കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ ടച്ചോട് കൂടിയാണ് കളി ആരംഭിച്ചത്. ആദ്യ മത്സരത്തിൽ വൻ വിജയം നേടിയ ടീമിനെ അടിമുടി മാറ്റിയാണ് ജിറോണ ഇറങ്ങിയത്. ബ്ലാസ്റ്റേഴ്സും ടീമിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. ടീം മാറി വന്നെങ്കിലും മികച്ച ഒത്തിണക്കത്തോടെ കളിച്ച ജിറോണ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്നു. ആദ്യ മത്സരത്തിൽ വിംഗുകളിലൂടെ അക്രമിച്ച് കയറിയ പ്രശാന്തും പ്രതിരോധത്തെ സഹായിക്കാനെത്തി.

10ാം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ മുന്നേറ്റം. ഇടതുവിംഗിലൂടെ ജിറോണ ബോക്സിനടുത്തേക്ക് കുതിച്ച കറേജ് പെക്കൂസൺ മികച്ചൊരു പാസ്സാണ് സെർബിയൻ താരം സ്ലാവിസ സ്റ്റൊജനോവിച്ചിന് നൽകിയത്. എന്നാൽ അത് മുതലാക്കാൻ താരത്തിന് കഴിഞ്ഞില്ല. 15ാം മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് ബോക്സിൽ അപകടം വിതച്ച് ജിറോണാ മുന്നേറ്റം. യോൺ മാനിയുടെ കുതിപ്പിനൊടുവിൽ ജിറോണാ താരം പോസ്റ്റിന് തൊട്ടടുത്ത് നിന്നടിച്ച ഷോട്ട് തലനാരിഴയക്കാണ്  പുറത്തേക്ക് പോയത്. 22ാം മിനുട്ടിൽ ബോക്സിന് തൊട്ടുവെളിയിൽ നിന്ന് ജിറോണാ താരത്തെ വീഴ്ത്തിയതിന് സക്കീർ മുണ്ടംപാറയ്ക്ക് മത്സരത്തിലെ ആദ്യ മഞ്ഞക്കാർഡും ലഭിച്ചു.

ജിറോണ തങ്ങളുടെ അക്രമണശൈലി തുടർന്നെങ്കിലും പ്രതീക്ഷ നൽകുന്ന ചില കൗണ്ടര്‍ അറ്റാക്കുകള്‍ ബ്ലാസ്റ്റേഴ്സിൻ്റെ ഭാഗത്ത് നിന്നുണ്ടായി. കിസീറ്റോയും പെക്കൂസണുമാണ് ഈ മുന്നേറ്റങ്ങൾക്ക് ചുക്കാൻപിടിച്ചത്. പ്രതിരോധത്തിൽ പുതുതായെത്തിയ മുഹമ്മദ് റാക്കിപും ആരാധകരുടെ കയ്യടി നേടി. 34ാം മിനുട്ടിൽ വീണ്ടും ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ജിറോണാ മുന്നേറ്റം. ബോക്സിനുള്ളിലേക്ക് ഉയർന്ന് വന്ന പന്ത് ബൈസിക്കിൾ കിക്കിലൂടെ സിറിൾ കാലി രക്ഷപ്പെടുത്തി. ഇതിനിടെ ജിറോണാ താരത്തിൻ്റെ ഒരു ഷോട്ട് ബാറിൽ തട്ടി പുറത്തു പോയതും ബ്ലാസ്റ്റേഴ്സിന് രക്ഷയായി. എന്നാൽ 42ാം മിനുട്ടിൽ 20 വയസ്സുകാരൻ പ്രതിരോധതാരം എറിക് മോണ്ടസ് ജിറോണയെ മുന്നിലെത്തിച്ചു. പിന്നിൽ നിന്ന് ഓടിക്കയറി വന്നതിന് ശേഷമാണ് മോണ്ടസ് മികച്ചൊരു ഫിനിഷിംഗിലൂടെ ബ്ലാസ്റ്റേഴ്സ് ഗോൾ വല കുലുക്കിയത്.