SHARE

ഇന്ത്യയിലെ ആദ്യ പ്രീസീസൺ ടൂർണമെന്റായ ടൊയൊട്ടാ ലാലിഗ വേൾഡിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കേരളാ ബ്ലാസ്റ്റേഴ്സസിന് കണ്ണീരോടെ തുടക്കം. എ ലീഗ് ക്ലബ് മെൽബൺ സിറ്റിക്കെതിരെ മറുപടിയില്ലാത്ത ആറു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. യുവതാരം റിലി മക്ഗ്രീ മെൽബണ് വേണ്ടി ഇരട്ടഗോളുകൾ നേടി. രണ്ടാം പകുതിയിലാണ് മത്സരത്തിലെ നാലു ഗോളുകൾ പിറന്നത്. 28ന് ജിറോണാ എഫ് സിക്കെതിരെയാണ് ടൂർണ്ണമെൻ്റിലെ ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം.

ആദ്യ പകുതി

-Advertisement-

മെൽബൺ സിറ്റിയുടെ മുന്നേറ്റങ്ങളോടെയാണ് ആദ്യ പകുതിക്ക് ചൂടുപിടിച്ചത്. ഇടത് വിംഗിൽക്കൂടിയായിരുന്നു മെൽബണിന്റെ മുന്നേറ്റങ്ങൾ. ഇതിന് ചുക്കാൻ പിടിച്ചത് സ്കോട്ടിഷ് താരം മൈക്കൽ ഹാലോറണും, എന്നാൽ സിറിൽ കാലിയുടെ പ്രതിരോധമികവ് പലപ്പോളും കേരളത്തെ അപകടത്തിൽ നിന്ന് രക്ഷപെടുത്തി. ഇതിനിടയിൽ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ധീരജ് സിംഗ് വരുത്തിയ ചെറിയ പിഴവ് വലിയ അപകടത്തിലേക്ക് പോകുമായിരുന്നെങ്കിലും ഭാഗ്യം കൊണ്ട് കേരളം രക്ഷപെട്ടു.

ആദ്യത്തെ മുൻ തൂക്കം പിന്നീട് മെൽബൺ സിറ്റി നഷ്ടപെടുത്തിയപ്പോൾ പതുക്കെ ബ്ലാസ്റ്റേഴ്സും മുന്നേറ്റങ്ങൾ നടത്താൻ തുടങ്ങി. മലയാളി താരം കെ. പ്രശാന്ത് വലത് വിംഗിലൂടെ മികച്ച‌മുന്നേറ്റങ്ങൾ നടത്തിയപ്പോൾ മെൽബൺ പ്രതിരോധം പലപ്പോളും വിയർത്തു. പക്ഷേ മെൽബൺ ബോക്സിൽ കൃത്യസമയത്ത് പ്രശാന്തിൽ നിന്ന് പന്ത് സ്വീകരിക്കാൻ ബ്ലാസ്റ്റേഴ്സ് താരങ്ങളാരുമുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമായി.

ഇരുപത്തിമൂന്നാം മിനുറ്റിൽ കേരളം മത്സരത്തിലാദ്യമായി ഗോൾ വല കുലുക്കി. പോപ്ലാന്റിക്കിന്റെ ഫ്ലാഗ് കിക്കിൽ നിന്നുള്ള ഷോട്ട് വലയിലെത്തിയെങ്കിലും അതിന് മുന്നേ നർസാരിയുടെ കൈയ്യിൽ പന്ത് തട്ടിയിരുന്നതിനാൽ റഫറിയുടെ ഫൗൾ വിസിൽ ഉയർന്നു. മുപ്പതാംമിനുറ്റിൽ ബോക്സിനുള്ളിൽ ലഭിച്ച മികച്ച ക്രോസ് കൃത്യമായി ഗോൾ വലയിലുള്ളിലേക്ക് ഹെഡർ ചെയ്ത ഡാരിയോ വിദോസിച്ച് മത്സരത്തിൽ മെൽബണെ മുന്നിലെത്തിച്ചു. (1-0).

ആദ്യ ഗോൾ വീണതിന്റെ ക്ഷീണം മാറും മുൻപേ ബ്ലാസ്റ്റേഴ്സ് വലയിൽ അടുത്ത ഗോളെത്തി. ആന്തൊണി കസാറസിൽ നിന്നുള്ള പന്ത് സ്വീകരിച്ച് ഗോൾ പോസ്റ്റിലേക്ക് തൊടുത്ത പത്തൊൻപതുകാരൻ റിലി മക്ഗ്രീയുടെ ശക്തമായ ഷോട്ട് തടയാൻ ധീരജ് സിംഗിന്റെ മുഴുനീളൻ ഡൈവിന് സാധിച്ചില്ല. മത്സരത്തിൽ മെൽബൺ രണ്ട് ഗോളിന് മുന്നിലെത്തി. രണ്ട് ഗോളിന് മുന്നിലെത്തിയെങ്കിലും മെൽബൺ പിന്നീടും ആക്രമണ ഫുട്ബോളിനാണ് ശ്രമിച്ചത്. കൗമാര ഗോൾകീപ്പർ ധീരജ് സിംഗിന്റെ മികച്ച ചില ഇടപെടലുകൾ കേരളത്തിന് രക്ഷയായപ്പോൾ ആദ്യ പകുതി കൂടുതൽ അപകടങ്ങളില്ലാതെ കേരളം അവസാനിപ്പിക്കുകയായിരുന്നു.

രണ്ടാം പകുതി

മത്സരം ഇടവേളക്ക് പിരിഞ്ഞതോടെ കാത്തു നിന്ന പോലെ കൊച്ചിയിൽ മഴ പെയ്തിറങ്ങാൻ തുടങ്ങി. എന്നാൽ മഴയെ വക വെക്കാതെ ഇരുടീമുകളും കളത്തിലിറങ്ങിയതോടെ ആരാധകർ ആവേശത്തിലായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് ചില മാറ്റങ്ങൾ വരുത്തിയതോടെ ഗ്യാലറിയിൽ വലിയ ആരവം മുഴങ്ങുന്നുണ്ടായിരുന്നു. മധ്യനിരയിൽ ഘാനാ താരം കറേജ് പെക്കൂസൺ എത്തിയതോടെ ബ്ലാസ്റ്റേഴ്സിൻ്റെ മുന്നേറ്റങ്ങൾക്ക് വേഗത കൂടി. എന്നാൽ പെക്കൂസൺ നൽകിയ മികച്ചൊരു ക്രോസ് ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കേ, സെമിൻലൻ ഡംഗൽ പാഴാക്കി.

48ാം മിനുട്ടിൽ മെൽബൺ സിറ്റിയുടെ മൂന്നാം ഗോളെത്തി. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ അനസിനെ പരാജയപ്പെടുത്തി മൈക്കൾ ഹാലോറൺ തൊടുത്ത ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ ധീരജ് സിംഗ് തട്ടിയകറ്റി. എന്നാൽ പന്ത് പിടിച്ചെടുത്ത ലാച്ച്ലൻ വെയ്ൽസ് അനായാസം ഗോൾവല കുലുക്കുകയായിരുന്നു. 56ാം മിനുട്ടിൽ യുവതാരം റിലി മക്ഗ്രീ മത്സരത്തിലെ തൻ്റെ രണ്ടാം ഗോളും നേടി. ബ്ലാസ്റ്റേഴ്സ് പകുതിയിൽ മെൽബൺ സിറ്റി നടത്തിയ മികച്ച പാസ്സുകൾക്കൊടുവിൽ ബ്രൂണോ ഫെർണാറോ നൽകിയ ക്രോസിൽ നിന്നായിരുന്നു മക്ഗ്രീയുടെ ഗോൾ.

നാലു ഗോളിൻ്റെ ലീഡ് നേടിയതോടെ പരമാവധി താരങ്ങളെ പകരക്കാരായി ഇറക്കുകയാണ് മെൽബൺ പരിശീലകൻ വാറൻ ജോയ്സ് ചെയ്തത്. താരങ്ങൾ മാറി വന്നെങ്കിലും മെൽബൺ തങ്ങളുടെ അക്രമണശൈലി തന്നെ തുടർന്നു. ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തിയെങ്കിലും മെൽബൺ പ്രതിരോധം ഫലപ്രദമായി ഇടപെട്ടു കൊണ്ടിരുന്നു. 73ാം മിനുട്ടിൽ കറേജ് പെക്കൂസൺൻ്റെ മികച്ചൊരു മുന്നേറ്റം. ഒന്നിലധികം മെൽബൺ താരങ്ങളെ കബളിപ്പിച്ച് പെക്കൂസൺ നൽകിയ പാസ്സ് പക്ഷേ, മുതലെടുക്കാൻ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന് സാധിച്ചില്ല.

75ാം മിനുട്ടിൽ പിഴച്ചത് ബ്ലാസ്റ്റേഴ്സ് നായകൻ സന്ദേശ് ജിങ്കന്. മെൽബൺ താരം കന്നോർ മെറ്റ്കാൾഫ് ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് തൊടുത്തുവിട്ട ഷോട്ട് ക്ലിയർ ചെയ്യുന്നതിൽ അമ്പേ, പരാജയപ്പെടുകയായിരുന്നു ജിങ്കൻ. തക്കം പാർത്തെത്തിയ റാമി നജ്ജാറിൻ പന്ത് അനായാസം ബ്ലാസ്റ്റേഴ്സ് വലയിലാക്കി. തൊട്ടു പിന്നാലെ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ഒറ്റക്ക് പന്തുമായി കയറിയ ബ്രൂണോ ഫെർണാറോ മത്സരത്തിലെ ആറാം ഗോളും നേടി. ആറാം ഗോളും വഴങ്ങിയതോടെ തോറ്റുപോയവരെ പോലെയായിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ ശരീരഭാഷ. ഒരു ഗോളെങ്കിലും ബ്ലാസ്റ്റേഴ്സ് തിരിച്ചടിക്കുന്നത് കാണാൻ ആവേശത്തോടെ കാത്തിരുന്ന ആരാധകക്കൂട്ടത്തെ നിരാശപ്പെടുത്തി കൊച്ചിയിൽ റഫറിയുടെ അന്തിമവിസിലും മുഴങ്ങി.