SHARE

ഐ എസ് എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില. മുംബൈ സിറ്റി എഫ്സിക്കെതിരെ ഇന്ന് നടന്ന മത്സരത്തിൽ ലീഡെടുത്തതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി‌വന്നത്. സ്കോർ : കേരളാ ബ്ലാസ്റ്റേഴ്സ് 1-1 മുംബൈ സിറ്റി എഫ് സി. എഴുപത്തിയഞ്ചാം മിനുറ്റിൽ മെസി ബൗളി കേരളത്തിനായി ഗോൾ നേടിയപ്പോൾ, എഴുപത്തിയേഴാം മിനുറ്റിൽ അമിൻ ചെർമിതി മുംബൈയ്ക്കായി സമനില ഗോൾ കണ്ടെത്തി. ഡിസംബർ പതിമൂന്നാം തീയതി ജംഷദ്പൂർ എഫ് സിക്കെതിരെയാണ് ഐ എസ് എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

ആദ്യ മിനുറ്റിൽ കോർണറും നാലാം മിനുറ്റിൽ ഫ്രീകിക്കും നേടിയ കേരളം തുടക്കം മുതൽ മുംബൈക്കെതിരെ മേധാവിത്വത്തോടെയാണ് കളിച്ച് തുടങ്ങിയത്. പതിനൊന്നാം മിനുറ്റിൽ ബ്ലാസ്റ്റേഴ്സ് നടത്തിയ മികച്ച മുന്നേറ്റം സുഭാശിഷ് ബോസ് തടഞ്ഞു. ബ്ലാസ്റ്റേഴ്സ് താരം ജെസൽ കർനെയ് റോയുടെ മികച്ച ക്രോസുകളായിരുന്നു ആദ്യ മിനുറ്റുകളിൽ ശ്രദ്ധേയം. പന്തടക്കത്തിലും ആക്രമണത്തിലും മുംബൈയേക്കാൾ മികച്ചു നിന്ന ബ്ലാസ്റ്റേഴ്സിന്റെ വരുതിയിലായിരുന്നു മത്സരത്തിലെ ആദ്യ ഇരുപത് മിനുറ്റുകൾ.

-Advertisement-

ഇരുപത്തിയഞ്ചാം മിനുറ്റിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ കോരിത്തരിപ്പിച്ച മുന്നേറ്റം. ബോക്സിലേക്ക് ജെസൽ നൽകിയ ക്രോസിൽ നിന്ന് മെസിയുടെ ബൈസിക്കിൾ കിക്ക് ഗോൾ ശ്രമം. എന്നാൽ മെസിയുടെ തകർപ്പൻ ഓവർഹെഡ് കിക്ക് മികച്ച ഡൈവിലൂടെ മുംബൈ ഗോൾകീപ്പർ അമരീന്ദർ സിംഗ് തട്ടിയകറ്റി. കോർണറുകളെല്ലാം ബ്ലാസ്റ്റേഴ്സ് പാഴാക്കുന്നതായിരുന്നു ആദ്യ പകുതിയിലെ സങ്കടകരമായ കാഴ്ച. മുപ്പത്തിനാലാം മിനുറ്റിൽ മുംബൈ നടത്തിയ മുന്നേറ്റം രഹനേഷ് തടഞ്ഞു. മൂന്ന് മിനുറ്റുകൾക്ക് ശേഷം മുംബൈ വീണ്ടും മുന്നേറ്റവുമായി കേരളാ ബോക്സിലേക്ക് എത്തിയെങ്കിലും, ലാർബിയുടെ ദുർബലമായ ഹെഡർ പുറത്തേക്ക് പോയി. നിരവധി അർധാവസരങ്ങൾ ലഭിച്ചെങ്കിലും അതിൽ നിന്ന് ഒരു ഗോൾ പോലും നേടാൻ കഴിയാതിരുന്നത് ബ്ലാസ്റ്റേഴ്സിനെ ആദ്യ പകുതിയിൽ വലിയ രീതിയിൽ നിരാശപ്പെടുത്തി.

മുംബൈയുടെ മുന്നേറ്റങ്ങളാണ് രണ്ടാംപകുതിയുടെ തുടക്കത്തിൽ കണ്ടത്. അവരുടെ പല മുന്നേറ്റങ്ങളിൽ നിന്നും കേരളത്തെ രക്ഷിച്ചത് ഗോൾകീപ്പർ ടിപി രഹനേഷിന്റെ നിർണായക ഇടപെടലുകളാണ്. അറുപത്തിരണ്ടാം മിനുറ്റിൽ ബിപിൻ സിംഗ് നടത്തിയ മുന്നേറ്റം തടഞ്ഞ ചെയ്ത രഹനേഷ് ഉറപ്പായിരുന്ന ഗോളിൽ നിന്നാണ് കേരളത്തെ രക്ഷിച്ചത്. മത്സരത്തിൽ തിളങ്ങാൻ കഴിയാതിരുന്ന സഹലിനെ അറുപത്തിരണ്ടാം മിനുറ്റിൽ പിൻ വലിച്ച ബ്ലാസ്റ്റേഴ്സ് സാമുവലിനെ പകരം കളത്തിലിറക്കി.

എഴുപത്തിയഞ്ചാം മിനുറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പിറന്നു. ഇടത് വശത്ത് നിന്ന് ജെസൽ കർനെയ്റോ നൽകിയ പന്തിൽ നിന്ന് തകർപ്പൻ ഫസ്റ്റ് ടൈം ഷോട്ടിലൂടെ മെസി ബൗളിയാണ് മുംബൈ വലയിൽ പന്തെത്തിച്ചത്. എന്നാൽ രണ്ട് മിനുറ്റുകൾ മാത്രമേ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ ലീഡ് നിലനിന്നുള്ളൂ. എഴുപത്തിയേഴാം മിനുറ്റിൽ മുംബൈ മത്സരത്തിലെ സമനില ഗോൾ കണ്ടെത്തി. മച്ചാഡോ ഹെഡ് ചെയ്ത് നൽകിയ പന്തിൽ നിന്ന് അമിൻ ചെർമിതിയാണ് മുംബൈയ്ക്കായി ഗോൾ നേടിയത്. സമനിലപ്പൂട്ട് പൊട്ടിക്കാൻ മത്സരത്തിന്റെ അവസാന മിനുറ്റുകളിൽ ഇരു ടീമുകളും ആഞ്ഞു ശ്രമിച്ചെങ്കിലും ഗോളുകളൊന്നും പിറക്കാതെ വന്നതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു‌.