SHARE

നെറോക്ക എഫ് സിക്കെതിരെ നടക്കുന്ന സൂപ്പർ കപ്പ് പ്രീ ക്വാർട്ടർ മത്സരത്തിൻ്റെ ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന് കൊണ്ടിരിക്കുന്ന മത്സരത്തിൽ വിക്ടർ പുൾഗ നേടിയ പെനാൽട്ടി ഗോളാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടച്ചോട് കൂടിയാണ് മത്സരം തുടങ്ങിയത്. അഞ്ചാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന് മത്സരത്തിലെ ആദ്യ ഫ്രീകിക്ക് ലഭിച്ചു. മിലന്‍ സിംഗെടുത്ത കിക്ക് പോസ്റ്റിന് തൊട്ടു പുറത്തുകൂടെ പറന്നു. 11ാം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പെനാല്‍ട്ടി. ബോക്‌സിനുള്ളില്‍ വെച്ച് പന്ത് നെറോക്ക താരത്തിന്റെ കയ്യില്‍ തട്ടിയതിന് ലഭിച്ച പെനാല്‍ട്ടി കിക്ക് വിക്ടര്‍ പുള്‍ഗ അനായാസം വലയിലാക്കി. ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നില്‍.

21ാം മിനുട്ടില്‍ നെറോക്ക മുന്നേറ്റം. എന്നാല്‍ വെസ് ബ്രൗണ്‍ അനായാസമായ ഇടപെടലിലൂടെ പന്ത് കയ്യിലാക്കി. 24ാം മിനുട്ടില്‍ നെറോക്ക മുന്നേറ്റം ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സില്‍ അപകടം വിതച്ചു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് അതിനെ പ്രതിരോധിച്ചു. തൊട്ടടുത്ത നിമിഷത്തില്‍ ബ്ലാസ്റ്റേഴ്‌സ് താരം കെ പ്രശാന്തിന്റെ ഷോട്ട് നിര്‍ഭാഗ്യം കൊണ്ട് നെറോക്ക ബോക്‌സില്‍ തട്ടിത്തെറിച്ചതോടെ ആരാധകര്‍ തലയില്‍ കയ്യില്‍ വെച്ചു പോയി. ഉടന്‍ തന്നെ സി കെ വിനീതിന് ഗോള്‍ നേടാന്‍ മികച്ചൊരു അവസരം. ഗോള്‍കീപ്പര്‍ മാത്രം മുന്നിലുണ്ടായിരുന്ന ആ അവസരം വിനീത് പാഴാക്കി. താരം പന്ത് പുറത്തേക്ക് അടിച്ച് കളയുകയായിരുന്നു.

32ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം. എന്നാല്‍ ബോക്‌സിനകത്തേക്കുള്ള പ്രശാന്തിന്റെ പാസ് വളരെ ദുര്‍ബലമായിരുന്നു. 36ാം മിനുട്ടില്‍ നെറോക്കയുടെ ഓസ്‌ട്രേലിയന്‍ താരം ആര്യന്‍ വില്യംസണിന്റെ ലോംഗ് റേഞ്ചര്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ പോള്‍ റച്ചുബ്ക്ക പന്ത് കയ്യിലാക്കി. തൊട്ടടുത്ത മിനുട്ടിൽ നെറോക്ക താരം സുഭാഷ് സിംഗ് ക്രോസ് പുറത്തേക്കടിച്ച് കളഞ്ഞു. ആദ്യ പകുതി അവസാനിച്ചതായി റഫറിയുടെ അന്തിമ വിസിൽ മുഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ.