SHARE

ആദ്യ ഐ എസ് എൽ കിരീടം ലക്ഷ്യം വെച്ച് പുതിയ സീസണിനൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സ് അടുത്ത മാസമാദ്യം നടക്കുന്ന പ്രീസീസൺ സൗഹൃദ മത്സരങ്ങളിൽ കേരളാ‌സന്തോഷ് ട്രോഫി ടീമിനേയും, ഇത്തവണ ഐ എസ് എല്ലിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ഹൈദരാബാദ് എഫ് സി യേയും നേരിടും. ഇതിൽ കേരളാ സന്തോഷ് ട്രോഫി ടീമിനെതിരായ മത്സരം അടുത്ത മാസം മൂന്നാം തീയതിയാകും നടക്കുക. കാണികൾക്ക് മത്സരങ്ങൾ കാണാൻ സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.

ഇത്തവണത്തെ ആദ്യ പ്രീസീസൺ മത്സരത്തിൽ യു എ ഇ ക്ലബ്ബായ ഡിബ്ബ അൽ ഫുജൈറയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. യു എ ഇ‌യിൽ നടന്ന ഈ മത്സരം സമനിലയിൽ കലാശിച്ചിരുന്നു. തുടർന്ന് കേരളത്തിലെത്തിയ ബ്ലാസ്റ്റേഴ്സ്, രണ്ട് പ്രീസീസൺ മത്സരങ്ങളാണ് നാട്ടിൽ കളിച്ചത്. ഇതിൽ സൗത്ത് യുണൈറ്റഡ് എഫ് സി ക്കെതിരെ നടന്ന ആദ്യ പോരാട്ടത്തിൽ 3-1 ന് വിജയിച്ച ബ്ലാസ്റ്റേഴ്സ്, ഇന്നലെ ഐലീഗ് ക്ലബ്ബായ റിയൽ കാശ്മീർ എഫ് സിക്കെതിരെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.