SHARE

2021-22 സീസൺ ഐ എസ് എല്ലിന് മുന്നോടിയായി ടീമിൽ അഴിച്ചു പണികൾ നടത്തിക്കൊണ്ടിരിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സ് രണ്ട് താരങ്ങളെ പുതുതായി ടീമിലെത്തിച്ച വിവരം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന് പുറമേ ലാൽ റുവാത്താര ഉൾപ്പെടെയുള്ള‌ ചില താരങ്ങൾ ക്ലബ്ബ് വിടുകയും ചെയ്തിട്ടുണ്ട്. കിബു വിക്കൂനക്ക് പകരം സെർബിയക്കാരനായ ഇവാൻ വുക്കുമാനോവിച്ച് ടീമിന്റെ പുതിയ പരിശീലകനായെത്തുമെന്നും ഇതിനിടെ ഉറപ്പായിക്കഴിഞ്ഞു.

വരും സീസണ് മുന്നോടിയായുള്ള തയ്യാറെടുപ്പുകളുമായി മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന ബ്ലാസ്റ്റേഴ്സ് ഇപ്പോളിതാ മറ്റൊരു ഇന്ത്യൻ താരത്തെക്കൂടി ടീമിലെത്തിക്കാനൊരുങ്ങുന്നു. പ്രശസ്ത സ്പോർട്സ് ജേണലിസ്റ്റായ മാർക്കസ് മെർഗുലാവോയാണ് ഗോവയിൽ നിന്നുള്ള താരത്തെ കേരളാ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുമെന്ന വിവരം പുറത്ത് വിട്ടത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഈ സൈനിംഗ് നടക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാൽ ഈ കളികാരനെക്കുറിച്ച് കൂടുതൽ സൂചനകളൊന്നും അദ്ദേഹം പുറത്ത് വിട്ടിട്ടില്ല.

നിലവിൽ ജെസൽ കർനെയ്റോ, ആൽബിനോ ഗോമസ്, വിൻസി ബാരറ്റോ എന്നീ ഗോവൻ താരങ്ങളാണ് കേരളാ ബ്ലാസ്റ്റേഴ്സിലുള്ളത്. ഇതിൽ വിൻസി ബാരറ്റോയെ ഇക്കഴിഞ്ഞ സീസണ് ശേഷം ഐലീഗ് ക്ലബ്ബായ ഗോകുലം കേരളയിൽ നിന്നാണ് കേരളാ‌ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.‌