SHARE
file image

ഐ ലീഗ് രണ്ടാം ഡിവിഷനില്‍ ഫത്തേഹ് ഹൈദരാബാദിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് റിസ്സര്‍വ്വ് ടീമിന് വിജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. റിസ്വാന്‍ അലി, അനന്തു മുരളി, സൂരജ് റാവത്ത് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോള്‍ നേടിയത്. ഓസോണ്‍ എഫ് സിയുമായി നടന്ന കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് 4-1ന് പരാജയപ്പെട്ടിരുന്നു.

13ാം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സാണ് ഗോളടി തുടങ്ങിയത്. റിസ്വാന്‍ അലിയുടെ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. ആദ്യപകുതി അവസാനിക്കുമ്പോഴും ആ ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ 57 മിനുട്ട് പിന്നിട്ടപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം ഗോള്‍ നേടി. അനന്തു മുരളിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലീഡുയര്‍ത്തിയത്. രണ്ടാമത്തെ ഗോളും വഴങ്ങിയതോടെ ഹൈദാരാബാദ് താരങ്ങള്‍ പോരാട്ടം ശക്തമാക്കി.

അതിന്റെ ഫലമായി ഗോഡ്വിന്‍ നേടിയ ഗോളിലൂടെ ഹൈദരാബാദ് ബ്ലാസ്‌റ്റേഴ്‌സിന്റെ ലീഡ് കുറച്ചു. സ്‌കോര്‍ 2-1. 71ാം മിനുട്ടില്‍ സുരാജ് റാവത്ത് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ഹൈദരാബാദ് വല കുലുക്കി. 82ാം മിനുട്ടില്‍ ലെപ്ച്ചയിലൂടെ ഒരു ഗോള്‍ കൂടി ഹൈദരാബാദ് തിരിച്ചടിച്ചു. എന്നാല്‍ റഫറിയുടെ അന്തിമ വിസില്‍ മുഴങ്ങിയതോടെ വിജയം ബ്ലാസ്‌റ്റേഴ്‌സിനൊപ്പം നില്‍ക്കുകയായിരുന്നു. 25ന് മധ്യ ഭാരതുമായാണ് ബ്ലാസ്റ്റേഴ്‌സ് റിസ്സര്‍വ്വ് ടീമിന്റെ അടുത്ത മത്സരം.