SHARE

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയ്ക്കെതിരെ വെടിക്കെട്ട് സെഞ്ചുറി നേടി ടീമിനെ അവിസ്മരണീയ വിജയത്തിലേക്ക് നയിച്ച യുവ ഓപ്പണർ മൊഹമ്മദ് അസറുദ്ദീന് 1.37 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. കേരള-മുംബൈ മത്സരത്തിൽ, കേരളം വിജയിച്ചതിന് പിന്നാലെയായിരുന്നു അവിശ്വസനീയ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത തങ്ങളുടെ സൂപ്പർ താരത്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ തകർപ്പൻ കാഷ് പ്രൈസ് പ്രഖ്യാപിച്ചത്‌.

മുംബൈയ്ക്കെതിരെ 37 പന്തുകളിലായിരുന്നു അസറുദ്ദീൻ സെഞ്ചുറി തികച്ചത്. മത്സരത്തിൽ വെറും 54 പന്തുകളിൽ നിന്ന് 9 ബൗണ്ടറികളും, 11 സിക്സറുകളുമടക്കം 137 റൺസ് അടിച്ച് താരം പുറത്താകാതെ ‌നിന്നു. വീരേന്ദർ സേവാഗ് അടക്കമുള്ള മുൻ താരങ്ങളും, ഹർഷ ഭോഗ്ലെ അടക്കമുള്ള ക്രിക്കറ്റ് പണ്ഡിതരും അസറുദ്ദീന്റെ ഉജ്ജ്വല ഇന്നിംഗ്സിനെ പ്രശംസിച്ച് മത്സര ശേഷം രംഗത്തെത്തിയിരുന്നു‌.