SHARE

ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ ഉജ്ജ്വല പ്രകടനമാണ് കേരളാ ഓപ്പണർ വിഷ്ണു വിനോദ് കാഴ്ച വെച്ചത്‌. ടൂർണമെന്റിൽ മൂന്ന് സെഞ്ചുറികൾ നേടിയ വിഷ്ണു, കളിച്ച ഭൂരിഭാഗം മത്സരങ്ങളിലും വെടിക്കെട്ട് ബാറ്റിംഗാണ് പുറത്തെടുത്തത്. ഐപിഎല്ലിൽ മുൻപ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയും കളിച്ചിട്ടുള്ള ഈ ഇരുപത്തിയഞ്ചുകാരൻ തന്റെ പ്രകടനങ്ങൾ മെച്ചപ്പെടുത്താൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സ് ഏറെ സഹായിച്ചിട്ടുണ്ടെന്ന് പറയുന്നു.

2017 ലെഐപിഎൽ സീസണിലായിരുന്നു റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ കളിക്കാൻ വിഷ്ണു വിനോദിന് അവസരം ലഭിച്ചത്‌‌. സീസണിലെ മത്സരങ്ങളിലൊന്നിൽ ഡിവില്ലിയേഴ്സിനൊപ്പം വിഷ്ണു ബാറ്റ് ചെയ്തിരുന്നു. ഈ മത്സരത്തിൽ ബാറ്റ് ചെയ്യുമ്പോൾ വിഷ്ണു പതറിയിരുന്നു. മലയാളി താരം ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടുന്നത് കണ്ട ഡിവില്ലിയേഴ്സ്, അദ്ദേഹത്തിനരികിലെത്തി ബ്രീത്ത് എക്സർസൈസ് നൽകുകയായിരുന്നു. ഇത് വിഷ്ണുവിനെ സമ്മർദ്ദത്തിൽ നിന്ന് പുറത്ത് കടക്കാ‌ൻ സഹായിച്ചു. ഐപിഎല്ലിന് ശേഷവും വിഷ്ണു വിനോദ് , ഡിവില്ലിയേഴ്സ് നൽകിയ ഈ വിജയമന്ത്രം പിന്തുടർന്നു. ഇത് പല സമ്മർദ്ദ ഘട്ടങ്ങളും തരണം ചെയ്യാൻ തന്നെ സഹായിച്ചതായും അദ്ദേഹം വെളിപ്പെടുത്തുന്നു.