SHARE

സൂററ്റിൽ കേരളവുമായി നടക്കുന്ന രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ വിദർഭ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. അവസാനം വിവരം കിട്ടുമ്പോൾ 348-4 എന്ന നിലയിലുള്ള വിദർഭയ്ക്ക് മത്സരത്തിൽ മൊത്തം 415 റൺസിന്റെ ലീഡായിട്ടുണ്ട്. ഇതോടെ ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫിയുടെ സെമി ഫൈനലിലെത്താമെന്ന കേരളാ പ്രതീക്ഷകൾ ഏറെക്കുറേ അവസാനിച്ചു.

സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഫസലും (119), അർദ്ധ സെഞ്ചുറികൾ നേടിയ വെറ്ററൻ താരം വസീം ജാഫർ, ഗണേഷ് സതീഷ്, വാംഖഡെ എന്നിവരാണ് വിദർഭ ഇന്നിംഗ്സിന് കരുത്തായത്. ആദ്യ ഇന്നിംഗ്സിൽ എതിരാളികളെ വെള്ളം കുടിപ്പിച്ച കേരളാ ബൗളർമാർ രണ്ടാം ഇന്നിംഗ്സിൽ പരാജയമായി. കേരളാ നിരയിൽ ആർക്കും എതിർ ബാറ്റ്സ്മാന്മാർക്ക് വെല്ലുവിളി ഉയർത്താനായില്ല‌. 2 വിക്കറ്റ് നേടിയ ജലജ് സക്സേനയാണ് കുറച്ചെങ്കിലും ഭേദമായി പന്തെറിഞ്ഞത്.

നേരത്തെ വിദർഭയെ ആദ്യ ഇന്നിംഗ്സിൽ 246 റൺസിന് പുറത്താക്കിയ കേരളം എളുപ്പത്തിൽ ലീഡ് നേടാനുള്ള സുവർണാവസരം തുലച്ച് കളയുകയായിരുന്നു. 176 റൺസിന് ആദ്യ ഇന്നിംഗ്സിൽ പുറത്തായ കേരളം നിർണായകമായ 70 റൺസ് ലീഡും വിദർഭയ്ക്ക് സമ്മാനിച്ചിരുന്നു. ലീഡ് നേടിയതോടെ മത്സരത്തിൽ മുൻ തൂക്കം ലഭിച്ച വിദർഭ പിന്നീട് ബുദ്ധിപരമായി തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് മുന്നോട്ട് കൊണ്ട് പോവുകയായിരുന്നു. മത്സരം സമനിലയിൽ അവസാനിച്ചാൽ പോലും വിദർഭയാകും അടുത്ത കളിയിലേക്ക് ക്വാളിഫൈ ആവുക എന്നതിനാൽ കേരളത്തിന്റെ സെമി പ്രതീക്ഷകൾ 90 ശതമാനവും അവസാനിച്ചിരിക്കുകയാണ്.