SHARE

സച്ചിന്‍ ബേബിയും സല്‍മാന്‍ നിസാറും തങ്ങള്‍ക്കാവും വിധം പൊരുതി. പക്ഷേ തമിഴ്‌നാടിന്റെ താരപ്പകിട്ടിനും അച്ചടക്കമുള്ള ബൗളിംഗിനും മുന്നില്‍ കേരളത്തിന്  സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ രണ്ടാം തോല്‍വി. 36 റണ്‍സിനാണ് കേരളം വീണത്. ആദ്യ മത്സരത്തില്‍ ഹൈദരാബാദിനോട് തോറ്റ കേരളത്തിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല. ദക്ഷിണമേഖലയില്‍ കേരളത്തിന് ഇനി മൂന്നു മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ദുര്‍ബലരായ ഗോവ അത്രയൊന്നും ശക്തരല്ലാത്ത ആന്ധ്രപ്രദേശ്, ശക്തരായ കര്‍ണാടക എന്നിവര്‍ക്കെതിരേയാണ് മത്സരങ്ങള്‍. ഈ കളികളില്‍ എല്ലാം ജയിച്ചാല്‍ അടുത്ത റൗണ്ടിലെത്താം. സ്‌കോര്‍ തമിഴ്‌നാട് 184-4, കേരളം 149-7.

വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കേരളത്തിന് മറക്കാന്‍ ആഗ്രഹിക്കുന്ന തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ സഞ്ജു വീണു. നാലു പന്തില്‍ 2 റണ്‍സെടുത്ത സഞ്ജുവിനെ പുറത്താക്കിയത് കെ. വിഘ്‌നേശ്. മികച്ച സ്വിംഗ് മുതലെടുത്തു പന്തെറിഞ്ഞ വിഘ്‌നേശ് വീണ്ടും ആഞ്ഞടിച്ചപ്പോള്‍ വിഷ്ണു വിനോദ് (1), രോഹന്‍ പ്രേം (4) എന്നിവരും പവലിയനില്‍ തിരിച്ചെത്തി. സ്‌കോര്‍ അപ്പോള്‍ മൂന്നു വിക്കറ്റിന് 11 റണ്‍സ്.

ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും അരുണ്‍ കാര്‍ത്തിക്കും രക്ഷാപ്രവര്‍ത്തനം തുടങ്ങുന്നത് ഇവിടെ നിന്നാണ്. പതിയെ താളം കണ്ടെത്തിയെങ്കിലും റണ്‍നിരക്ക് കുറവായത് കേരളത്തിന്റെ മുന്നേറ്റത്തെ ബാധിച്ചു. മറുവശത്ത് മികച്ച ലൈനിലും ലെംഗ്തിലുമാണ് തമിഴ്‌നാട് ബൗളര്‍മാര്‍ പന്തെറിഞ്ഞത്. പതിയെ നീങ്ങിയ അരുണ്‍ 27 പന്തില്‍ 31 റണ്‍സെടുത്ത് പുറത്തായ ശേഷം ക്രീസിലെത്തിയ സല്‍മാന്‍ നിസാറിന്റെ ബാറ്റിംഗാണ് ജയിക്കാനാണ് കളിക്കുന്നതെന്ന പ്രതീതി ആദ്യമായി കേരള ക്യാമ്പില്‍ ഉണര്‍ത്തിയത്. പതിനാറാം ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദറിനെ തുടര്‍ച്ചയായി മൂന്നു സിക്‌സറുകള്‍ പറത്തി നിസാര്‍ നയം വ്യക്തമാക്കി. അവസാന നാലോവറില്‍ കേരളത്തിന് വേണ്ടിയിരുന്നത് 70 റണ്‍സ്. എന്നാല്‍ 51 റണ്‍സെടുത്ത സച്ചിന്‍ വീണതോടെ കേരളത്തിന്റെ പ്രതീക്ഷയും അസ്തമിച്ചു. തൊട്ടുപിന്നാലെ നിസാറും syed(20 പന്തില്‍ 38) പുറത്ത്.

നേരത്തെ ടോസ് നേടിയ കേരള നായകന്‍ സച്ചിന്‍ ബേബി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പിച്ചിലെ ഈര്‍പ്പം മുതലെടുക്കാനാകും എന്ന പ്രതീക്ഷയായിരുന്നു ഇതിനു പിന്നില്‍. രണ്ടാം ഓവറില്‍ ഭരത് ശങ്കറിനെ (7) പുറത്താക്കി സന്ദീപ് വാര്യര്‍ മികച്ച തുടക്കം നല്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വാഷിംഗ്ടൗണ്‍ സുന്ദറും ദിനേഷ് കാര്‍ത്തിക്കും ചേര്‍ന്ന് കേരള ബൗളര്‍മാരെ കടന്നാക്രമിക്കുന്നതാണ് കണ്ടത്. കാര്‍ത്തിക്ക് ആയിരുന്നു കൂടുതല്‍ അപകടകാരി. ബേസില്‍ തമ്പിയുടെ ആദ്യ ഓവറില്‍ അടിച്ചെടുത്തത് 14 റണ്‍സ്. ഫോമിലെത്തിയതോടെ മറ്റു ബൗളര്‍മാരെയും ഇന്ത്യന്‍ താരം വെറുതെ വിട്ടില്ല. കാര്‍ത്തിക്കിന് പിന്തുണ കൊടുക്കുന്ന ജോലിയാണ് സുന്ദര്‍ ഏറ്റെടുത്തത്.

പതിനാലാം ഓവറില്‍ കാര്‍ത്തിക്കിനെ ഫാബിദ് അഹമ്മദ് പുറത്താക്കിയതോടെ കേരളത്തിന് ഒരുപരിധി വരെ ആശ്വാസമായത്. 38 പന്തിലായിരുന്നു കാര്‍ത്തിക്കിന്റെ 71 റണ്‍സ്. നാലു പടുകൂറ്റന്‍ സിക്‌സറും എട്ടു ഫോറും. ആദ്യ എട്ടോവര്‍ പിന്നിടുമ്പോള്‍ തമിഴ്‌നാട് സ്‌കോര്‍ 74 റണ്‍സ്. 100 കടനത്തിന് പിന്നാലെ സുന്ദറിനെ വാര്യര്‍ പുറത്താക്കി. 26 പന്തില്‍ 30 റണ്‍സായിരുന്നു ഇന്ത്യയുടെ ഭാവി ഓള്‍റൗണ്ടറുടെ സംഭാവന. കേരളത്തിനായി സന്ദീപ് വാര്യര്‍ രണ്ടു വിക്കറ്റെടുത്തു. ബേസില്‍ തമ്പിയുടെ മോശം പ്രകടനം കേരളത്തിന് തിരിച്ചടിയായി. നാല് ഓവറില്‍ 52 റണ്‍സാണ് ബേസില്‍ വിട്ടു കൊടുത്തത്. നേടിയത് ഒരുവിക്കറ്റും.