SHARE

തങ്ങളുടെ ആദ്യ പ്രീസീസൺ മത്സരത്തിൽ ഓസ്ട്രേലിയൻ ക്ലബ്ബ് മെൽബൺ സിറ്റിയോട് പരാജയമേറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സ് ജിറോണ എഫ്സിയുമായുള്ള അടുത്ത പോരാട്ടത്തിന് മുന്നോടിയായി കടുത്ത പരിശീലനമാണ് നടത്തുന്നത്. പ്രീസീസൺ മത്സരമാണെങ്കിലും ജിറോണയ്ക്കെതിരായ അടുത്ത മത്സരത്തിൽ കൈയ്യും മെയ്യും മറന്ന് പോരാടാനായിരിക്കും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക. പരിശീലകൻ ഡേവിഡ് ജെയിംസിന്റെ തന്ത്രങ്ങളും ടൊയോട്ട യാരിസ് ലാലീഗ വേൾഡിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ കേരളത്തിന് നിർണായകമാകും.

മധ്യനിരയിലാണ് ബ്ലാസ്റ്റേഴ്സ് പ്രശ്നങ്ങൾ നേരിടുന്നത്. ടീമിലെ വിദേശ ശക്തികളായ കെസിറോൺ കിസിറ്റോയേയും, കറേജ് പെക്കൂസണേയും ഒരുമിച്ച് കളിപ്പിക്കുന്നതിലൂടെ ആ പ്രശ്നത്തിന് ഒരുപരിധി വരെ പരിഹാരം കാണാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞേക്കും. കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ പരിക്കേറ്റ് പുറത്താകുന്നതിന് മുൻപ് നാല് മത്സരങ്ങളാണ് ഉഗാണ്ടൻ താരം കെസിറോൺ കിസിറ്റോ കളിച്ചത്. ഈ മത്സരങ്ങളിൽ മികച്ച ഒത്തൊരുമയായിരുന്നു കിസിറ്റോ – പെക്കൂസൺ കൂട്ടുകെട്ട് കേരളത്തിന്റെ മധ്യനിരയിൽ കാഴ്ച വെച്ചത്. എതിരാളികൾക്ക് വലിയ തലവേദന സൃഷ്ടിക്കാൻ കഴിഞ്ഞ ഇരുവരുടേയും കൂട്ടുകെട്ട് കിസിറ്റോയ്ക്ക് പരിക്കേറ്റതിനെത്തുടർന്നായിരുന്നു തകർന്നത്. ഉഗാണ്ടൻ താരത്തിന് സീസണിൽ പാതിവഴിയിൽ പരിക്ക് പറ്റിയത് സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളേയും തകിടംമറിച്ചു.

മെൽബൺ സിറ്റിക്കെതിരായ ആദ്യ മത്സരത്തിൽ കിസിറ്റോയെ പരിശീലകൻ ഡേവിഡ് ജെയിംസ് ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയപ്പോൾ പെക്കൂസണ് ആദ്യ ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. പരീക്ഷണങ്ങൾ നടത്താൻ ജെയിംസ് ആദ്യ മത്സരം ഉപയോഗിച്ചതാണ് പെക്കൂസൺ പുറത്തിരിക്കാൻ കാരണം. നാളെ ജിറോണ എഫ്സിക്കെതിരായ തങ്ങളുടെ രണ്ടാം മത്സരവും പരീക്ഷണങ്ങൾക്ക് പറ്റിയ വലിയ വേദിയാണെങ്കിലും ഒരു മത്സരം കൂടി പരാജയപ്പെടാൻ ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നുണ്ടാകില്ല എന്നതാണ് സത്യം. പ്രീസീസൺ മത്സരമാണെങ്കിൽക്കൂടി കരുത്തരായ ജിറോണയോട് ഒന്ന് പൊരുതിനോക്കാനുറച്ചാകും ബ്ലാസ്റ്റേഴ്സ് മത്സരത്തിനിറങ്ങുക. കിസിറ്റോയേയും പെക്കൂസണേയും ആദ്യ ഇലവനിൽ ഒരുമിച്ച് കളിപ്പിക്കുന്നത് വഴി ടീമിന്റെ മധ്യനിര കൂടുതൽ ശക്തമാക്കാനും അത് വഴി മുന്നേറ്റക്കാർക്ക് കൂടുതൽ പന്തുകൾ എത്തിക്കാനും കഴിയുമെന്ന് മറ്റാരേക്കാളും നന്നായി ജെയിംസിനറിയാം. അദ്ദേഹം അങ്ങനെയൊരു നീക്കത്തിന് തയ്യാറാകുമോ എന്ന് കാത്തിരുന്ന് കാണാം.