SHARE
വിനൂപ് മനോഹരൻ

ഹിമാചൽ പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം തകർപ്പൻ ജയത്തിലേക്ക് നീങ്ങുന്നു. മത്സരത്തിൽ ഹിമാചൽ ഉയർത്തിയ 297 റൺസ് വിജയ ലക്ഷ്യം പിന്തുടരുന്ന കേരളം, മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 255/4 എന്ന നിലയിലാണ്. 6 വിക്കറ്റുകൾ ശേഷിക്കേ 42 റൺസ് കൂടിയാണ് കേരളത്തിന് ജയിക്കാൻ വേണ്ടത്. 96 റൺസ് നേടി പുറത്തായ ഓപ്പണർ വിനൂപ് മനോഹരനാണ് കേരളത്തിന്റെ മുന്നേറ്റം തുടങ്ങി വെച്ചത്.

297 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ കേരള. തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്. 21 പന്തിൽ 3 ബൗണ്ടറികളടക്കം 14 റൺസ് നേടിയ രാഹുൽ പി തുടക്കം തന്നെ പുറത്തായി.‌താരം പുറത്താകുമ്പോൾ കേരളം 32/1. പിന്നീട് ഒത്തുചേർന്ന സിജോമോൻ ജോസഫും, വിനൂപും ചേർന്ന് കേരളത്തെ മികച്ച തുടക്കത്തിലേക്ക് നയിച്ചു. ഏകദിന ശൈലിയിലായിരുന്നു ഇവരുടെ കൂട്ടുകെട്ട് മുന്നേറിയത്. കേരളാ സ്കോർ 100 കടന്നതിന് പിന്നാലെ സിജോമോൻ ജോസഫ് പുറത്തായി. 23 റൺസാണ് താരം നേടിയത്.

പിന്നീട് ബാറ്റിംഗിനെത്തിയ നായകൻ സച്ചിൻ ബേബിയും തകർത്തടിച്ചതോടെ കേരളാ സ്കോർ കുതിച്ചു. സെഞ്ചുറി ഉറപ്പിച്ച് മുന്നേറവെയാണ് വിനൂപ് മനോഹരൻ വീണത്. 11 ബൗണ്ടറികളടക്കം 96 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. വിനൂപും, സച്ചിൻ ബേബിയും തമ്മിലുള്ള കൂട്ടുകെട്ടിൽ 101 റൺസാണ് പിറന്നത്.

അഞ്ചാമനായി ബാറ്റിംഗിനിറങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മൊഹമ്മദ് അസറുദ്ദീൻ റണ്ണൊന്നുമെടുക്കാതെ പുറത്തായത് കേരളത്തെ ഞെട്ടിച്ചെങ്കിലും പിന്നാലെയിറങ്ങിയ സഞ്ജു സാംസൺ അനായാസം ബാറ്റ് ചെയ്ത് മുന്നേറിയതോടെ ടീം സമ്മർദ്ദത്തിൽ നിന്ന് പുറത്ത് കടന്നു. നിലയുറപ്പിച്ച ശേഷം രണ്ട് സിക്സറുകളാണ് സഞ്ജു പറത്തിയത്. 79 റൺസോടെ സച്ചിൻ ബേബിയും, 30 റൺസെടുത്ത്‌ സഞ്ജു സാംസണുമാണ് നിലവിൽ ക്രീസിലുള്ളത്.