SHARE

മലയാളി പേസ് ബൗളർ സന്ദീപ്‌ വാര്യർ ഈ സീസൺ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിക്കും. കൊൽക്കത്ത ഈ സീസണിൽ ടീമിലെടുത്തിരുന്ന ഇന്ത്യൻ താരങ്ങളിലൊരാൾക്ക് പരിക്കേറ്റതിനെത്തുടർന്നാണ് പകരക്കാരനായി സന്ദീപിന് ഐപിഎൽ അവസരം കൈവന്നത്. ഈ സീസൺ അഭ്യന്തര മത്സരങ്ങളിൽ കേരളത്തിനായി തകർപ്പൻ പ്രകടനമായിരുന്നു സന്ദീപ് വാര്യരിന്റേത്.

ഇത്തവണത്തെ ഐപിഎൽ താരലേലത്തിനുണ്ടായിരുന്നെങ്കിലും ആവശ്യക്കാരില്ലാതിരുന്ന സന്ദീപ് അൺസോൾഡ് ആവുകയായിരുന്നു. 20 ലക്ഷം രൂപയായിരുന്നു താരലേലത്തിൽ സന്ദീപിന്റെ അടിസ്ഥാന വില. ഈ തുക തന്നെയാവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലും അദ്ദേഹത്തിന് പ്രതിഫലമായി ലഭിക്കുക.

2013 മുതലുള്ള മൂന്ന്‌ സീസണുകളിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്നെങ്കിലും ഐപിഎല്ലിൽ കളിക്കാനുള്ള അവസരം ഇത് വരെ ഈ മലയാളി താരത്തിന് ലഭിച്ചിരുന്നില്ല. ഈ സീസൺ രഞ്ജി ട്രോഫിയിലെ 10 മത്സരങ്ങളിൽ നിന്ന് 44 വിക്കറ്റുകളും, മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ 6 കളികളിൽ 8 വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു. ഇന്നലെ വൈകിട്ടാണ് സന്ദീപിനെ ടീമിലെടുത്ത് കൊണ്ടുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിളിയെത്തുന്നത്. ഇന്ന് താരം കൊൽക്കത്തയിൽ ടീമിനൊപ്പം ചേരുമെന്നാണ് സൂചന.