SHARE

ഈ സീസൺ ഐ-ലീ​ഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തിയ രാജസ്ഥാൻ യുണൈറ്റഡിലും മലയാളി സാന്നിധ്യം. തിരുവനന്തപുരം സ്വദേശിയായ എം ആലോഷ്യസാണ് ടീമിനൊപ്പം ചേരുന്നത്. സെന്റർ സ്ട്രൈക്കറായ അലോഷ്യസ് വിങ്ങറായും കളിക്കുന്ന താരമാണ്. സ്പോർട്സ് മലയാളത്തിന് ഇക്കാര്യം സ്ഥിരീകരക്കാനാകും.

മുമ്പ് കേരളാ യുണൈറ്റഡിന്റെ താരമായിരുന്നു അലോഷ്യസ്. ഇക്കഴിഞ്ഞ കേരളാ പ്രീമിയർ ലീ​ഗിൽ ടീമിനായി കളിച്ച ആലോഷ്യസ് ഒരു ​ഗോൾ നേടിയിരുന്നു. തുടർന്ന് ഐ-ലീ​ഗ് ക്വാളഫയറിന് മുമ്പായി ക്ലബ് റിലീസ് ചെയ്ത അലോഷ്യസ് കൊൽക്കത്തയിലേക്ക് പോയി. അവിടെ കൽക്കട്ട പ്രീമിയർ ലീ​ഗിൽ കൽക്കട്ട കസ്റ്റംസിനായി കളിച്ച അലോഷ്യസ് അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് ​ഗോൾ നേടി.

രാജസ്ഥാനിൽ രണ്ട് വർഷത്തെ കരാറാണ് താരം ഒപ്പുവച്ചത്. ഇത് ഒരു വർഷത്തേക്ക് കൂടി പുതുക്കാൻ അവസരമുണ്ട്. സീസണിലേക്ക് തകർപ്പൻ മുന്നേറ്റനിരയെയാണ് രാജസ്ഥാൻ ഒരുക്കുന്നത്. ബ്രസീലിയൻ താരം മാഴ്സെലീന്യോ, തജികസ്ഥാൻ താരം കോംറോൺ ടുർസുനോവ്, അർജന്റൈൻ താരം ഡീ​ഗോ ​ബിൽക്കിവീസ് എന്നീ വിദേശ മുന്നേറ്റനിരക്കാർ ഇതിനകം ടീമിന്റെ ഭാ​ഗമായിക്കഴിഞ്ഞു.